വിജയ് സേതുപതി| ഫോട്ടോ: സ്ക്രീൻഗ്രാബ് | youtu.be/hWhKF-2vrTI
പ്രേക്ഷകർ മക്കൾ സെൽവൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന താരമാണ് വിജയ് സേതുപതി. എന്നാൽ ആരാണ് അദ്ദേഹത്തിന് ഈ പേരിട്ടതെന്ന് ആർക്കെങ്കിലും അറിയാമോ? അങ്ങനെയൊരാളുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. മാമനിതൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർക്കൊപ്പം ക്ലബ് എഫ്.എമ്മിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മക്കൾ സെൽവൻ ഇക്കാര്യം തുറന്നു പറഞ്ഞത്.
ഒരു സ്വാമിയാണ് തനിക്ക് ഇങ്ങനെയൊരു പേരിട്ടതെന്നാണ് വിജയ് സേതുപതി വെളിപ്പെടുത്തിയത്. ആണ്ടിപ്പട്ടിയിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. തേയിലത്തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അദ്ദേഹമപ്പോൾ. സ്വാമിയുടെ കയ്യിൽ നിന്ന് അല്പം ഭക്ഷണം ഞാനും വാങ്ങിക്കഴിച്ചു. കുറച്ചുഭക്ഷണം ഞാൻ അദ്ദേഹത്തിനും വാരിക്കൊടുത്തു. സ്വാമി എന്നെ അനുഗ്രഹിക്കുകയും ഒരഞ്ഞൂറ് രൂപ കയ്യിൽത്തന്ന് അനുഗ്രഹിക്കുകയും ചെയ്തു. ആ സ്വാമിയാണ് സീനു രാമസ്വാമി. വിജയ് സേതു പറഞ്ഞു.
വിജയ് സേതുപതിയുടെ വാക്കുകൾ ഒപ്പമുണ്ടായിരുന്നവർ കയ്യടികളോടെയാണ് സ്വീകരിച്ചത്. ജനങ്ങളുടെ മകൻ എന്നാണ് മക്കൾ സെൽവൻ എന്ന വാക്കിന്റെ അർത്ഥമെന്ന് അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്ന സംവിധായകൻ സീനു രാമസ്വാമി പറഞ്ഞു. ധർമദൂരൈ എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് ജനങ്ങളെല്ലാവരും വിജയ് സേതുപതിയെ സ്വന്തം കുടുംബാംഗത്തേപ്പോലെയാണ് കാണുന്നതെന്ന കാര്യം ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് മക്കൾ സെൽവൻ എന്ന പേരിലേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈഎസ്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജയും ആർ കെ സുരേഷിന്റെ സ്റ്റുഡിയോ 9- ഉം ചേർന്ന് നിർമിക്കുന്ന സീനു രാമസാമി രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രമാണ് 'മാമനിതൻ'. ഗായത്രിയാണ് നായിക. കെപിഎസി ലളിത, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ. ചിത്രം ജൂൺ 24 നു പ്രദർശനത്തിനെത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..