ചെന്നൈ: നടന്‍ വിജയ് വോട്ട് രേഖപ്പെടുത്താല്‍ സൈക്കിളില്‍ വന്നത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്ധനവിലയ്‌ക്കെതിരേയുള്ള താരത്തിന്റെ പ്രതിഷേധം എന്ന നിലയിലാണ് സൈക്കിള്‍ യാത്ര വിലയിരുത്തപ്പെട്ടത്. എന്നാല്‍ വിജയുടെ യാത്രയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ വക്താക്കള്‍. 

ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. വിജയുടെ വീടിന്റെ പിറകിലുള്ള തെരുവിലാണ് പോളിങ് ബൂത്ത്. വളരെ ചെറിയ വഴിയാണത്. 'കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം അവിടെയില്ല. വരാനും പോകാനും ബുദ്ധിമുട്ടായത് കൊണ്ടാണ് വിജയ് സൈക്കിള്‍ തിരഞ്ഞെടുത്തത്. അല്ലാതെ മറ്റൊരു കാരണവുമില്ല'- വിജയ് വ്യക്തമാക്കി. 

ഇന്ധന വിലക്കയറ്റം രൂക്ഷമായ കാലത്ത് വിജയ് നടത്തിയ സൈക്കിള്‍ യാത്ര കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധമായി ചിത്രീകരിക്കപ്പെടുകയും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ആഘോഷിക്കുകയും ചെയ്തിരുന്നു. ഡിഎംകെയുടെ കൊടിയടയാളമായ ചുവപ്പും കറുപ്പും നിറത്തിലുള്ള സൈക്കിളില്‍ വിജയ് നടത്തിയ യാത്ര ഡിഎംകെ അണികള്‍ കൊണ്ടാടി. 

കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളോടും പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയ വിജയുടെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 

Content Highlights: Actor Vijay's team issues statement on bicycle ride to polling booth, its not a protest against fuel price hike