ചെന്നൈ: നടന്‍ വിജയ്‌യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ രൂപീകരിച്ച പാര്‍ട്ടിയുടെ പേരില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ ശോഭ. വിജയ്‌യുടെ പേരില്‍ സംഘടന രൂപീകരിക്കാനാണെന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ ചില രേഖകളില്‍ ഒപ്പിടിച്ചതെന്നും അത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും ശോഭ വെളിപ്പെടുത്തി.  

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ചന്ദ്രശേഖറിന്റെ നീക്കമെന്ന് ഒരാഴ്ച മുമ്പാണ് അറിഞ്ഞത്. മകനറിയാതെ ചെയ്യുന്ന കാര്യങ്ങളില്‍ താന്‍ പങ്കാളിയാകില്ലെന്ന് അപ്പോള്‍ തന്നെ ഭര്‍ത്താവിനെ അറിയിച്ചിരുന്നുവെന്നും ശോഭ വ്യക്തമാക്കി. പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്ത് ശോഭയെയാണ് ചന്ദ്രശേഖര്‍ നിയോഗിച്ചത്. എന്നാല്‍ ഈ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. 

തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തരുതെന്ന് വിജയ് അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം വകവയ്ക്കാതെയാണ് ചന്ദ്രശേഖര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഇതോടെ വിജയ് അച്ഛനോട് സംസാരിക്കുന്നത് തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. വിജയ് ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന കാര്യത്തില്‍ ഉത്തരം നല്‍കാന്‍ വിജയ്ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും ശോഭ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചതായി ചന്ദ്രശേഖര്‍ അറിയിച്ചത്. ഇതിന് പിന്നാലെ സംഘടന രൂപീകരിച്ച വാര്‍ത്ത വിജയ് നിഷേധിച്ചിരുന്നു. തന്റെ ആരാധകരോട് പാര്‍ട്ടിയുമായി സഹകരിക്കരുതെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. താന്‍ തുടങ്ങിയത് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും വിജയ്ക്ക് പാര്‍ട്ടിയില്‍ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് ചന്ദ്രശേഖറും രംഗത്തെത്തിയിട്ടുണ്ട്.

content highlights: Vijay's mother Sobha reveals the truth; Vijay has stopped talking to his dad