ചെന്നൈ: ബി.ജെ.പി.യിൽ ചേരാൻ ഒരുങ്ങുന്നെന്ന അഭ്യൂഹം തള്ളി നടൻ വിജയ്‌യുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ. സംവിധായകനും നിർമാതാവുമായ ചന്ദ്രശേഖർ ബി.ജെ.പി.യിൽ ചേരുമെന്ന പ്രചാരണം സജീവമായതിനെത്തുടർന്നാണ് അദ്ദേഹം പ്രതികരിച്ചത്. പലരും ഇക്കാര്യം തന്നോട് ചോദിക്കുന്നുണ്ടെന്ന് പറഞ്ഞ ചന്ദ്രശേഖർ അടിസ്ഥാനരഹിതമായ പ്രചാരണമാണ് നടക്കുന്നതെന്ന് വ്യക്തമാക്കി.

മുമ്പ് പല തവണ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന സൂചന നൽകിയിട്ടുള്ള ചന്ദ്രശേഖർ താൻ രാഷ്ട്രീയ രംഗത്തെത്തുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. 2017-ൽ ‘മെർസൽ’ എന്ന വിജയ് ചിത്രത്തിൽ കേന്ദ്രസർക്കാരിനെ എതിർക്കുന്ന സംഭാഷണമുണ്ടെന്ന പേരിൽ ബി.ജെ.പി. പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുമ്പ് കോൺഗ്രസുമായി അടുപ്പം പുലർത്തിയിരുന്ന വിജയ് ഇപ്പോൾ ഒരു പാർട്ടിയോടും ആഭിമുഖ്യം പ്രകടിപ്പിക്കാറില്ലെങ്കിലും സമയമാകുമ്പോൾ രാഷ്ട്രീയത്തിലേക്കു വരുമെന്ന തരത്തിൽ പ്രതികരിച്ചിട്ടുണ്ട്.

Content Highlights: Vijay's Father S A Chandrasekhar refute rumors regarding joining BJP