ചെന്നൈ: രാഷ്ട്രീയപാര്‍ട്ടിയ്ക്ക് താന്‍ തുടക്കം കുറിച്ചത് വിജയിനുവേണ്ടിയാണെന്ന് പിതാവ് എസ്.എ ചന്ദ്രശേഖരന്‍. തന്റെ നേട്ടത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

'രാഷ്ട്രീയത്തില്‍ വിജയിന് ഒരു അടിത്തറയുണ്ടാക്കാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷേ വിജയ്ക്ക് അതു വേണ്ട. തന്റെ പേരില്‍ പാര്‍ട്ടി വരുന്നതിനെ എതിര്‍ത്ത് വിജയ് കോടതിയെ സമീപിച്ചു. ഞാന്‍ പിരിച്ചു വിടുകയും ചെയ്തു.

വിജയ് സിനിമയില്‍ നമ്പര്‍ വണ്‍ ആണ്. ഞാനാണ് അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നത്. എല്ലാത്തിലും വിജയ് ഒന്നാമത് എത്തണമെന്ന് ഒരു പിതാവെന്ന നിലയില്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിജയ് സിനിമ ആസ്വദിക്കട്ടെ. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ഞാന്‍ പറയില്ല'- എസ്.എ ചന്ദ്രശേഖര്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട കേസില്‍ ചെന്നൈ സിറ്റി സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പാര്‍ട്ടി പിരിച്ചു വിട്ടുവെന്ന് ചന്ദ്രശേഖര്‍  വ്യക്തമാക്കിയിരുന്നു. 

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തന്റെ പേരോ ചിത്രമോ ആരാധക സംഘടനയുടെ പേരോ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഏപ്രിലിലാണ് വിജയ് ഹര്‍ജി സമര്‍പ്പിച്ചത്. ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന ആരാധക സംഘടനയെ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടിയാക്കാന്‍ തീരുമാനിച്ചതോടെയാണ് വിജയ് അച്ഛനും അമ്മയ്ക്കും മറ്റു ഒമ്പത് പേര്‍ക്കുമെതിരേ നിയമനടപടിയ്ക്കൊരുങ്ങിയത്.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ചന്ദ്രശേഖര്‍ ജനറല്‍ സെക്രട്ടറിയും അമ്മ ശോഭ ഖജാന്‍ജിയുമായി പാര്‍ട്ടി രൂപവത്കരിക്കാനുള്ള നടപടിയാരംഭിച്ചത്. ഇത് എതിര്‍ത്ത വിജയ് രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി തന്റെ പേരും ചിത്രവും ഉപയോഗിക്കുന്നത് വിലക്കാന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ചന്ദ്രശേഖറിന്റെ സത്യവാങ്മൂലം സ്വീകരിച്ച കോടതി എതിര്‍കക്ഷികളില്‍ ഒരാളായ മഹേന്ദ്രന് നോട്ടീസ് ലഭിക്കാത്തതിനാല്‍ കേസ് ഒക്ടോബര്‍ 29-ന് വീണ്ടും പരിഗണിക്കാന്‍ നീട്ടി.

അച്ഛന്‍ രാഷ്ട്രീയപ്പാര്‍ട്ടി ആരംഭിക്കുന്നത് വിലക്കിയ വിജയ് ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരാധക സംഘടനാംഗങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കാനാണ് നിര്‍ദേശം. എന്നാല്‍ വിജയുടെ ചിത്രവും സംഘടനയുടെ കൊടിയും ഉപയോഗിക്കാം. വിജയ് മക്കള്‍ ഇയക്കത്തിന്റെ രണ്ട് സ്ഥാനാര്‍ഥികള്‍ ഇതിനകം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Content Highlights: Vijay political party controversy, SA Chandrasekhar clarifies his stand after dissolving Vijay Makkal Iyakkam