ചെന്നെെ: രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടൻ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ. വിജയ്യുടെ പേരിൽ പുതിയ രാഷ്ട്രീയ പാർ‌‌ട്ടി രൂപീകരിക്കാൻ എസ്.എ ചന്ദ്രശേഖർ തിരഞ്ഞെ‌ടുപ്പു കമ്മീഷനിൽ അപേക്ഷ നൽകിയതാണ് വിവാദത്തിന് തുടക്കമിട്ടത്. പിതാവിന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ വിജയ്, തന്റെ പേര് ദുരുപയോ​ഗം ചെയ്താൽ നിയമന‌പടി സ്വീകരിക്കുമെന്ന് താക്കീത് നൽകി. തൊട്ടുപിന്നാലെ അമ്മ ശോഭ ചന്ദ്രശേഖറും  എസ്.എ ചന്ദ്രശേഖറിനെ തള്ളിപ്പറഞ്ഞ് രം​ഗത്തെത്തി. വിജയും പിതാവും ഇപ്പോൾ പരസ്പരം മിണ്ടാറില്ലെന്നും തന്നെ തെറ്റിദ്ധരിപ്പിച്ച് ചില രേഖകൾ ഒപ്പി‌ട്ട് വാങ്ങുകയായിരുന്നുവെന്നും ശോഭ പറഞ്ഞു. 

ഇപ്പോൾ വിവാദങ്ങളിൽ പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് എസ്.എ ചന്ദ്രശേഖർ. വിജയിന് പുറത്ത് ന‌ടക്കുന്ന കാര്യങ്ങളെക്കുറിച്ച് ധാരണയില്ലെന്നും, അദ്ദേഹം ഒരു ഇരുമ്പുകൂട്ടിലാണെന്നും ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എസ്.എ ചന്ദ്രശേഖർ പറഞ്ഞു. വിജയ് സത്യം മനസ്സിലാക്കി തന്നിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമൂഹ മാധ്യമങ്ങളിൽ വിജയ് ആരാധകരാണെന്ന വ്യാജേന ചില ​ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവർ വിജയുടെ കൂടെ നിന്ന് അദ്ദേഹത്തിനെതിരേ പ്രവർത്തിക്കുന്നു. വിജയ് യുടെ  യഥാർഥ ആരാധകർക്കും അതറിയാം. എന്നാൽ വിജയ് അത് അറിയുന്നില്ല. വിജയിന് പുറത്ത് ന‌‌ടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും ധാരണയില്ല. ഞാൻ ഇതെല്ലാം ഒരുപാട് തവണ പറഞ്ഞു നോക്കി പക്ഷേ അദ്ദേഹം കേൾക്കുന്നില്ല. കാരണം വിജയിന് മറ്റുള്ളവരുടെ കള്ളത്തരം തിരിച്ചറിയില്ല. എനിക്കെതിരേ പോലും വിജയ് പ്രതികരിച്ചത് അവരുടെ സ്വാധീനം കൊണ്ടു മാത്രമാണ്. ഇത് ഭാവിയിൽ വിജയിന് എത്രപ്രശ്നം ഉണ്ടാകുമെന്ന് ഒരു ചിന്തിച്ചു നോക്കൂ. ഞാൻ ഈ സത്യം തിരിച്ചറിഞ്ഞത് ഈയ‌ടുത്താണ്- ചന്ദ്രശേഖർ പറയുന്നു. 

വിജയ് തനിക്കെതിരേ നിയമപടി സ്വീകരിച്ചാൽ ജയിലിൽ പോകാൻ  പോലും തയ്യറാണെന്നും എസ്. എ ചന്ദ്രശേഖർ പറയുന്നു. തനിക്കെതിരേ സമൂഹ മാധ്യമത്തിൽ പങ്കുവച്ച പ്രസ്താവന പോലും വിജയുടെ വാക്കുകൾ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Content Highlights: Vijay political party controversy father SA Chandrasekhar reacts