മിഴ് സംവിധായകൻ ബാബു ശിവൻ(54) അന്തരിച്ചു. സൂപ്പർഹിറ്റ് വിജയ് ചിത്രം വേട്ടൈക്കാരന്റെ സംവിധായകനാണ് ബാബു ശിവൻ. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ രാജീവ് ​ഗാന്ധി ​ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു മരണം. 

വിജയ് ചിത്രങ്ങളായ കുരുവിയിലും ഭൈരവയിലും ഇദ്ദേ​ഹം പ്രവർത്തിച്ചിട്ടുണ്ട്. 

ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖങ്ങൾ ബാബു ശിവനെ അലട്ടിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കൾ നീറ്റ് എക്സാം എഴുതുന്നതിനായി പോയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് ഇവർക്ക് കൂട്ട് പോയത്. ഇവർ തിരിച്ചു വീട്ടിലെത്തിയപ്പോൾ ബാബു ശിവനെ ബോധര​ഹിതനായി കാണുകയായിരുന്നുവെന്നും ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

ആദ്യം കൊണ്ടുപോയ ആശുപത്രി കോവിഡ് സെന്ററായി പ്രവർത്തിക്കുന്നതിനാൽ അവിടെ അദ്ദേഹത്തിനെ ചികിത്സിക്കാനായില്ല. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിലെത്തിച്ചു. എന്നാൽ അവിടുത്തെ ചികിത്സാ ചിലവുകൾ താങ്ങാനാവാതെ വന്നതോടെയാണ് അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുന്നത്. 

കുറച്ചേറെ വർഷങ്ങളായി അദ്ദേഹം സിനിമകൾ ചെയ്തിരുന്നില്ല. ഇത് കുടുംബത്തിൽ സാമ്പത്തിപ്രശ്നങ്ങളുണ്ടാക്കിയിരുന്നു. 

വിജയ്, അനുഷ്ക ഷെട്ടി എന്നിവർ ഒന്നിച്ച വേട്ടൈക്കാരൻ ബോക്സോഫീസിൽ വിജയം നേടിയ ചിത്രമാണ്. കുരുവിയിൽ സംഭാഷണങ്ങളെഴുതിയതും ബാബു ശിവനാണ്. 

Content Highlights : Vijay Movie Vettaikaaran director Babu Sivan dies in Chennai