നടൻ വിജയുടെ ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബീസ്റ്റ് എന്നാണ് പേര് നൽകിയിരിക്കുന്നത്. വിജയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.

സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ പൂജ ​ഹെ​ഗ്ഡേയാണ് നായിക.

ദളപതി 65 എന്ന് നേരത്തെ പേരിട്ടിരുന്ന ചിത്രത്തിലെ വിജയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളും പുറത്ത് വന്നിരുന്നു. ഇതുവരെ കാണാത്ത റോളിലാകും വിജയ് ചിത്രത്തിലെത്തുക. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ആളുകളെ കബളിപ്പിക്കുന്നതിൽ പ്രഗത്ഭനായ ഒരാളുടെ വേഷമാവും വിജയ് കൈകാര്യം ചെയ്യുക.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീതം നൽകുന്നത്. പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദ്ധീൻ സിദ്ധിഖിയാണെന്ന് റിപ്പോർട്ടുകളുണ്ട്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററാണ് വിജയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മാളവിക മോഹൻ നായികയായെത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത് മക്കൾസെൽവൻ വിജയ് സേതുപതിയാണ്.

Content Highlights : Vijay Moviethalapthy 65 named as Beast directed by nelson Dilipkumar pooja Hegde