വിജയ്- അറ്റ്‌ലി കൂട്ടുക്കെട്ടിലൊരുങ്ങിയ മെര്‍സല്‍ വിവാദം കത്തിപ്പടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. 

ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തമിഴ്‌നാട് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. മാത്രമല്ല പ്രശ്‌നത്തിന് വര്‍ഗീയ നിറം ചാര്‍ത്തിക്കൊണ്ട് വിജയിന്റെ മതം പരാമര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍ പ്രസ്താവനകളുമിറക്കി. അതും വിവാദമായിരിക്കുകയാണ്. 

മെര്‍സല്‍ വിഷയം ഇത്രമാത്രം പുകഞ്ഞിട്ടും വിജയ് വിശദീകരണവുമായി രംഗത്ത് വന്നിട്ടില്ല. വിജയിന്റെ മൗനം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അച്ഛനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിലൂടെയാണ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. 

'രാഷ്ട്രീയക്കാരുടെ ഉദാരമായ ചിന്താഗതി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അടിസ്ഥാന ബുദ്ധിപോലുമില്ല. അതെ, സ്‌കൂള്‍ രേഖകള്‍ പ്രകാരം എന്റെ മകന്റെ പേര് ജോസഫ് വിജയ് എന്നാണ്. പക്ഷേ ജാതിയും മതവുമില്ലാതെയാണ് ഞാന്‍ അവനെ വളര്‍ത്തിയത്. ഇനി ക്രിസ്ത്യാനിയാണെങ്കില്‍ കൂടി അതിന് ദേശിയ നേതാക്കള്‍ക്ക് എന്താണ് പ്രശ്‌നം?

വിജയ് നടനാണ്. അവന്റെ ഭാഷ സിനിമയാണ്. അവന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകനല്ല. അഴിമതി, ബലാത്സംഗ കേസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോള്‍ അതൊക്കെ സിനിമയിലൂടെയും തുറന്ന് കാണിക്കും. അതിന് ഭീഷണിപ്പെടുത്താമോ? 1952 ല്‍ ഇറങ്ങിയ പരാശക്തി എന്ന സിനിമയുടെ പ്രസക്തി ഇന്നാണ്. ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ആ ചിത്രം ഈ കാലഘട്ടത്തിലാണ് പുറത്തിറങ്ങേണ്ടിയിരുന്നത്'- ചന്ദ്രശേഖര്‍ പറഞ്ഞു.

വിജയ് രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് ഒരു പാര്‍ട്ടിയുമായി ഉടമ്പടിയുമില്ലെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.