വിജയ് നായകനാകുന്ന 'മാസ്റ്റര്‍' എന്ന ചിത്രം ജനുവരി 13ന് തീയേറ്റര്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ 100% സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് വന്നിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ ആര്‍.കെയുടെ ട്വീറ്റ് വലിയ ചര്‍ച്ചയാവുന്നു. 

തിയേറ്ററുകളില്‍ 100 ശതമാനം കാണികളെ അനുവദിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രിയുമായി നടന്‍ വിജയ് കൂടിക്കാഴ്ച നടത്തിയെന്നും അഭ്യൂഹമുണ്ട്. അതിന് പിന്നാലെയാണ് ഉത്തരവ് വന്നത്.

വിജയിന്റെ അപേക്ഷ തമിഴ്‌നാട് മുഖ്യമന്ത്രി അംഗീകരിച്ച സ്ഥിതിയ്ക്ക് ചോദിക്കുന്നു, 100 ശതമാനം ആളുകളുള്ള തിയേറ്ററില്‍ നിങ്ങള്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണുമോ- രാധാകൃഷ്ണന്‍ ആര്‍.കെ കുറിച്ചു.

ഒട്ടനവധിയാളുകളാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചകളും കൊഴുക്കുകയാണ്. കേരളത്തിലും തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.  കോവിഡ് പശ്ചാത്തലത്തില്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നാണ് നിബന്ധന. ഇത് കേരളത്തിലെ തിയേറ്റര്‍ ഉടമകള്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ തിയേറ്ററുകള്‍ തുറക്കേണ്ടെന്നാണ് ഫിലിം ചേമ്പറിന്റെ തീരുമാനം

ലോകേഷ് കനകരാജാണ് മാസ്റ്റര്‍ സംവിധാനം ചെയ്തത്‌. എക്‌സ് ബി ഫിലിംസിന്റെ ബാനറില്‍ സേവിയര്‍ ബ്രിട്ടോ ആണ് നിര്‍മ്മാണം. വിജയ് സേതുപതി, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറമിയ, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlights: vijay master release controversy, Lokesh Kanakaraj,