ചെന്നൈ : തമിഴ്‌നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടൻ വിജയ്‌യുടെ ആരാധകരുടെ സംഘടന ഒരുങ്ങുന്നു.

ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് ഒക്ടോബർ ആറ്്, ഒമ്പത് തീയതികളിൽ നടക്കുന്നത്. ഇതിൽ മത്സരിക്കാൻ ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന് വിജയ് അനുമതി നൽകി. അംഗങ്ങൾ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെന്നാണ് വിവരം. തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാൻ വിജയ് സമ്മതിച്ചിട്ടുണ്ടെങ്കിലും അംഗങ്ങൾ സ്വന്തംനിലയിൽ എന്നവിധം മത്സരിക്കണമെന്നാണ് നിർദേശം.

ആദ്യഘട്ടത്തിൽ 128 പേർ മത്സരിക്കുമെന്നാണ് സൂചന. വിജയ് മക്കൾ ഇയക്കം ജില്ലാ ഭാരവാഹികളുമായി സംഘടനാ ജനറൽ സെക്രട്ടറി ആനന്ദ് നടത്തിയ ചർച്ചയിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഒരു രാഷ്ട്രീയപ്പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. വിജയ്‌യുടെ രാഷ്ട്രീയപ്രവേശത്തിന് മുന്നോടിയായിട്ടാണ് ആരാധകസംഘടനയിൽ നിന്നുള്ളവർ മത്സരിക്കുന്നതെന്നാണ് വിലയിരുത്തലെങ്കിലും വിജയ് മക്കൾ ഇയക്കം നേതാക്കൾ ഇത് തള്ളി. സംഘടനയിൽ പ്രവർത്തിക്കുന്നവർക്ക് വ്യക്തിപരമായ താത്പര്യത്തിന്റെ പേരിൽ മത്സരിക്കാനാണ് അനുമതിയെന്നാണ് വിശദീകരണം.

നേരത്തേ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ്‌യുടെ പേരിൽ അച്ഛൻ എസ്.എ. ചന്ദ്രശേഖർ പുതിയ രാഷ്ട്രീയപ്പാർട്ടി രൂപവത്കരിക്കാൻ ശ്രമിച്ചെങ്കിലും വിജയ് ഇതിനെ തള്ളിയിരുന്നു. പാർട്ടി രജിസ്‌ട്രേഷനുള്ള നടപടികൾവരെ ആരംഭിച്ചിരുന്നെങ്കിലും വിജയ്‌യുടെ എതിർപ്പിനെത്തുടർന്ന് ചന്ദ്രശേഖറിന് ശ്രമത്തിൽനിന്ന് പിന്മാറേണ്ടിവന്നു.

Content Highlights: Vijay Makkal Iyakkam to contest in Tamilnadu election, actor Vijay in politics