തമിഴ് നടൻ വിജയുടെ പേരിലുള്ള രാഷ്ട്രീയപാർട്ടി നീക്കം ഉപേക്ഷിച്ച് പിതാവ് എസ്.എ ചന്ദ്രശേഖർ. വിജയ് മക്കൾ ഇയക്കം പിരിച്ചു വിട്ടതായി മദ്രാസ് ഹൈക്കോടതിയിൽ ചന്ദ്രശേഖർ അറിയിച്ചു. 

തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളും തടയണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ വിജയ് ചെന്നൈ കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. 

തമിഴ്നാട്ടിലെ ഒൻപത് ജില്ലകളിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുമെന്ന് വിജയ് ആരാധകരുടെ സൊസൈറ്റിയായ വിജയ് മക്കൾ മൻട്രം പ്രഖ്യാപിച്ചിരുന്നു. ഇതിന് വിജയ്‌യുടെ മാതാപിതാക്കൾ അനുവാദം നൽകിയതിന് പിന്നാലെയാണ് വിജയ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷമാണ് എസ്.എ.ചന്ദ്രശേഖർ അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ പാർട്ടി രൂപീകരിക്കുന്നത്. എന്നാൽ പിതാവിന്റെ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും തന്റെ പേരും ചിത്രവും ഫാൻ ക്ലബ്ബുകളെയും രാഷ്ട്രീയ താത്പര്യങ്ങൾ‌ക്കായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാൽ, അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. 

Content Highlights : Vijay Makkal Iyakkam dismissed, SA Chandrasekhar in Madras HC