ലിയോ എന്ന ചിത്രത്തിൽ വിജയ് | ഫോട്ടോ: സ്ക്രീൻഗ്രാബ്
വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യുടെ രണ്ടാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. വിജയ് ആരാധകർ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനായും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനരംഗത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ചെന്നെെ ഫിലിം സിറ്റിയിലെ കൂറ്റൻ സെറ്റിൽ നൂറോളം നര്‍ത്തകര്‍ പങ്കെടുക്കുന്ന വിജയുടെ ഇൻട്രോ സോങ്ങിന്റെ ചിത്രീകരണം നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരാഴ്ചയായി ഇൻട്രോ ഗാനത്തിനായുള്ള പരിശീലനം നടക്കുകയാണെന്നും നാല് ദിവസത്തെ ചിത്രീകരണം വേണ്ടിവരുമെന്നുമാണ് വിവരങ്ങൾ. ദിനേഷ് മാസ്റ്ററാണ് ഡാൻസ് കൊറിയോഗ്രാഫർ. അനിരുദ്ധ് ആണ് സംഗീതം.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നെെക്ക് പുറത്തുവെച്ച് നടത്താൻ വിജയ് ആവശ്യപ്പെട്ടുവെന്നും വിവരങ്ങളുണ്ട്. മധുരെെ, കോയമ്പത്തൂർ, തിരുച്ചി എന്നിവിടങ്ങളിൽ പരിപാടി നടത്താനാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് നിർമാതാവ് ലളിത് കുമാർ പറഞ്ഞിരുന്നു. അമേരിക്കയിൽ 1500 ഓളം സ്ക്രീനിൽ ചിത്രമെത്തിക്കാൻ പദ്ധതിയുണ്ടെന്നും നിർമാതാവ് വ്യക്തമാക്കിയിരുന്നു.
നേരത്തെ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ 'ലിയോ' സംഘം മാര്‍ച്ച് അവസാനത്തോടെയാണ് മടങ്ങിയെത്തിയത്. ചെന്നെെയിലെ ഷൂട്ടിന് പിന്നാലെ അവസാനഘട്ട ചിത്രീകരണത്തിനായി സംഘം ഹൈദരാബാദിലേയ്ക്ക് തിരിക്കും. വിജയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22-ന് 'ലിയോ'യുടെ ടീസറോ ട്രെയിലറോ പുറത്തുവിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ, ചിത്രീകരണവേളയിലെ സംഭവങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെക്കുന്ന വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മൻസൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്. കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. 2023 ഒക്ടോബറില്‍ ചിത്രം റിലീസിനെത്തും.
Content Highlights: vijay lokesh kanakaraj movie leo dance shoot in chennai 100 dancers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..