കേരളത്തിലെ തീയേറ്ററുകൾ തുറക്കണമെന്നാവശ്യവുമായി ആരോ​ഗ്യമന്ത്രി കെ.കെ  ശൈലജയുടെ ഫെയ്സ്ബുക്ക് പേജിൽ നടൻ വിജയ് ആരാധകരുടെ ബഹളം. 

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയടക്കമുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് എത്തുമ്പോൾ അതിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാ​ഗമായി കേരളത്തിൽ തീയേറ്ററുകള്‍ തുറക്കുന്നത്  ഇനിയും വൈകുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. 

എന്നാൽ തമിഴ്നാട് അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലെയും തീയേറ്ററുകൾ നേരത്തെ തുറന്നിരുന്നു. അതിനാൽ തന്നെ ആരാധകർ കാത്തിരുന്ന വിജയുടെ മാസ് ചിത്രം മാസ്റ്ററിന്റെ റിലീസ് തീയ്യതി പുറത്തുവിടുകയും ചെയ്തു. ജനുവരി 13നാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ഇതോടെയാണ് കേരളത്തിലും തിയേറ്റർ തുറക്കണമെന്ന ആവശ്യവുമായി വിജയ് ആരാധകർ രം​ഗത്തെത്തിയത്. 

തീയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനം ഉണ്ടാവുന്നപക്ഷം താങ്കളുടെ പാർട്ടി ഇനി തോൽക്കില്ലെന്നും തങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നുമാണ് ചില ആരാധകരുടെ 'വാഗ്‍ദാനം'. കൊറോണ കാരണം തമിഴ്നാട്ടിൽ പോയി സിനിമ കാണാനാവാത്ത സാഹചര്യമാണെന്ന് ചിലർ സങ്കടപ്പെടുമ്പോൾ  കൊറോണ വന്നാലും സാരമില്ല വിജയ് ചിത്രം തീയേറ്ററിൽ മാത്രമേ തങ്ങൾക്ക് കാണാനാവൂ എന്നാണ് വേറെ ചില ആരാധകരുടെ നിർബന്ധം. ബാറുകൾ അടക്കം തുറന്ന സാഹചര്യത്തിൽ തീയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം എന്തിനെന്ന് ചോദിക്കുന്നവരുമുണ്ട്

Master

ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തിയായിരുന്നു കൂടിക്കാഴ്ച്ച. തീയേറ്ററുകൾ തുറക്കുന്ന മുറയ്ക്ക് അമ്പത് ശതമാനം പേരെ മാത്രമേ തമിഴ്നാട്ടിൽ തീയേറ്ററിൽ അനുവദിക്കുള്ളൂവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് സിനിമയുടെ ബോക്സോഫീസ് കളക്ഷനെ ബാധിക്കുമെന്നും ഈ നിയന്ത്രണം മാറ്റി മുഴുവൻ ആൾക്കാരെയും പ്രവേശിപ്പിക്കണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടത്.

കൈതിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം മാളവിക മോഹനനാണ് നായികയായെത്തുന്നത്.  ഹിന്ദിയിൽ ദി വിജയ് മാസ്റ്റർ എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യുക.  

Content Highlights : Vijay Fans Request to Minister KK Shailaja To Reopen theatres prior Master Release