രാധകരുടെ ആവേശത്തിനൊടുവില്‍ അറ്റ്‌ലീ-വിജയ്-നയന്‍താര കൂട്ടുകെട്ട് ഒന്നിക്കുന്ന ബിഗില്‍ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ വിജയത്തിനായി മണ്‍ ചോറുണ്ണുന്ന ചടങ്ങ് നടത്തിയിരിക്കുകയാണ്  ഇളയദളപതി ആരാധകര്‍. 

നേരത്തെ ചിത്രം വിവാദങ്ങളും നിയമതടസങ്ങളും നേരിട്ടിരുന്നു. അതിനാല്‍ ചിത്രത്തിന്റെ തടസങ്ങളില്ലാത്ത റിലീസിനും വിജയത്തിനും വേണ്ടിയാണ് മണ്‍ ചോറ് ഉണ്ണുന്ന ചടങ്ങ് നടത്തിയത്. വെറും നിലത്ത് ചോറ് വിളമ്പി കഴിക്കുന്ന ചടങ്ങാണിത്. മൈലാടുംതുറയിലെ ശ്രീ പ്രസന്ന മാരിയമ്മന്‍ ക്ഷേത്രത്തിലാണ് ചടങ്ങ് നടത്തിയത്. നിലത്തു വിളമ്പിയ ചോറു വാരിക്കഴിക്കുന്ന ആരാധകരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

20 തൊട്ട് 35 വയസിനിടയില്‍ പ്രായമുള്ള ആരാധകരാണ് ചടങ്ങില്‍ പങ്കെടുത്തത്. കയ്യില്‍ തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രവും ഏന്തിക്കൊണ്ടാണ് ഇവര്‍ എത്തിയത്. 

'ഞങ്ങളുടെ ദളപതിയുടെ ചിത്രം ഇപ്പോള്‍ നേരിടുന്ന എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് തിയ്യറ്ററിലെത്തുമ്പോള്‍ ചിത്രം വലിയ വിജയമാകാനാണ് ഞങ്ങളുടെ ഈ പ്രാര്‍ഥന. ജീവിതത്തില്‍ ഒരു താഴ്ച്ചയും നേരിടേണ്ടി വരാതെ ഞങ്ങളുടെ ദളപതിക്ക് ദീര്‍ഘായുസ് നല്‍കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു..'നാഗപട്ടണം വിജയ് മക്കള്‍ ഇയക്കത്തിന്റെ പ്രസിഡന്റ് സിഎസ് കുട്ടി ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

വലിയ ഒരുക്കങ്ങളാണ് വിജയ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുന്നതിന് പകരം 12 സിസിടിവി ക്യാമറകള്‍ പിടിപ്പിക്കാന്‍ മുന്‍കൈ എടുത്തിരിക്കുയാണ് തിരുനെല്‍വേലിയിലെ വിജയ് ആരാധകര്‍. 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കേരളത്തില്‍ ബിഗിലിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 

Content Highlights : Vijay fans eat 'mann soru' for smooth release of Bigil in Tamil Nadu Vijay Atlee Nayanthara Bigil