പള്ളുരുത്തി: തമിഴ് സിനിമയിലെ ആന്റി ക്ലൈമാക്സ് പോലെയായി രാംരാജിന്റെ ജീവിതം. നടൻ വിജയിനെ കാണുകയെന്ന സ്വപ്നവുമായി നടക്കുകയായിരുന്നു പള്ളുരുത്തി കൊത്തലംഗോ അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരനായ രാംരാജ്. അതിനിടെ രാംരാജിന്‌ കിട്ടിയതോ ഒരിക്കലും കണ്ടെത്താനാകില്ലെന്ന് കരുതിയ സ്വന്തം കുടുംബത്തെ.

കൊത്തലംഗോ അന്തേവാസികളുടെ കഴിവുകൾ പുറംലോകത്തെ അറിയിക്കാൻ ബ്രദർ ബിനോയ് പീറ്ററിന്റെ നേതൃത്വത്തിൽ തുടങ്ങിയ യൂട്യൂബ് ചാനലാണ് രാംരാജിന്റെ ജീവിതത്തിൽ പുതിയ വഴിത്തിരിവായത്. വിജയിനെ നേരിൽ കാണണമെന്ന മോഹം വിവരിക്കുന്ന രാംരാജിന്റെ വീഡിയോ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തു. വിജയ് ഫാൻസ് അസോസിയേഷൻ ഈ വീഡിയോ അവരുടെ ഫെയ്‌സ്‌ബുക്ക് പേജിലേക്ക് മാറ്റി. തമിഴ്നാട്ടിലുടനീളം ഈ വീഡിയോ പ്രചരിച്ചു. അപ്പോഴാണ് പുതിയ വഴിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

ചിദംബരം സ്വദേശിയായ രാംരാജിന്റെ സഹോദരന്മാർ ഈ വീഡിയോ കണ്ടു. വർഷങ്ങൾക്കു മുമ്പ് നാടുവിട്ട സഹോദരനാണ് അതെന്ന് അവർ പെട്ടെന്ന് തിരിച്ചറിഞ്ഞു. വീടുവിട്ടുപോയ രാംരാജിനെ കുറെക്കാലം അവർ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വീഡിയോ കണ്ടയുടൻ അവർ കൊച്ചിയിലെ കൊത്തലംഗോയുമായി ബന്ധപ്പെട്ടു.

ബ്രദർ ബിനോയ് പീറ്ററുമായി ഫോണിൽ സംസാരിച്ചു. തുടർന്ന് വീഡിയോഫോണിലൂടെ രാംരാജ് അവന്റെ അമ്മയുമായി സംസാരിച്ചു. പിന്നെ താമസിച്ചില്ല. അനിയനെ തേടി രാംരാജിന്റെ മൂന്ന് സഹോദരന്മാരും പള്ളുരുത്തിയിലെ കൊത്തലംഗോയിൽ എത്തി. സഹോദരന്മാരെ കണ്ടതോടെ രാംരാജ് അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്തിന്റെ സാന്നിധ്യത്തിൽ രാംരാജിനെ സഹോദരന്മാർ ഏറ്റെടുത്തു. രാംരാജിന് കൊത്തലംഗോയിൽ യാത്രയയപ്പും നൽകി.

അന്തേവാസികളെ പിരിയുമ്പോൾ, രാംരാജ് വിതുമ്പുന്നുണ്ടായിരുന്നു. സഹോദരന്മാർ അവനെ ചേർത്തുനിർത്തി. ഞായറാഴ്ച രാത്രി ഇവർ ചിദംബരത്തേക്ക് പോയി. ബ്രദർ ബിനോയ് പീറ്ററും ഇവർക്കൊപ്പം പോയിട്ടുണ്ട്.


Content Highlights : Vijay Fan Ramraj life Story, Ilayathalapathy fans