അര്‍ജുന്‍ റെഡ്ഡി, ഗീതാ ഗോവിന്ദം തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെ പെട്ടെന്നു തെന്നിന്ത്യയെ ആകെ ഇളക്കിമറിച്ച യുവതരംഗമാണ് തെലുങ്ക് താരം വിജയ് ദേവരെക്കൊണ്ട. ഡിയര്‍ കോമ്രേഡ് എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് താരം. സിനിമയുടെ പ്രമോഷന്‍ ചടങ്ങുകളുടെ തിരക്കിലായ താരം ഒരു പൊതുവേദിയില്‍ സംസാരിക്കവെയുണ്ടായ ഒരു സംഭവമാണ് വീഡിയോരൂപത്തില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
വലിയൊരു സദസ്സ് മുന്നില്‍. വിജയ് ദേവരെക്കൊണ്ട വേദിയില്‍ നിന്ന് പ്രസംഗിക്കുകയാണ്. അതിനിടയില്‍ പെട്ടെന്ന് ഒരു ആരാധകന്‍ ഓടി വന്ന് താരത്തെ തള്ളിയിടുന്നു. ഇഷ്ടതാരത്തോടുള്ള സ്‌നേഹം കൊണ്ട് താരത്തെ നേരിട്ട് കണ്ട് ആശംസിക്കാനായിരുന്നു ആരാധകന്റെ ഉദ്ദേശമെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. വിജയ് വേദിയില്‍ വീണു. വീഴുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. വേദിയില്‍ ഒപ്പമുണ്ടായിരുന്നവര്‍ താരത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അതിനു ശേഷം താരം ആരാധകനോട് സ്‌നേഹം കാണിച്ചതാണോ അതോ ശരിക്കും ആക്രമിച്ചതാണോ എന്നു ചിരിച്ചുകൊണ്ടു ചോദിക്കുന്നതും വീഡിയോയിലുണ്ട്.
ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ വെള്ളിയാഴ്ച്ച പുറത്തിറങ്ങും. മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മാണം.
Content Highlights : Vijay Deverakkonda love attacked by a fan on stage Dear Comrade movie