ര്‍ജുന്‍ റെഡ്ഡി എന്ന തെലുഗു ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് വിജയ് ദേവേരകൊണ്ട. അതിനു ശേഷം ദേവേരകൊണ്ട പ്രധാനവേഷത്തിലെത്തിയ ഗീതാഗോവിന്ദവും വന്‍ വിജയമായിരുന്നു. തെലുഗില്‍ ചുവടുറപ്പിച്ച താരം നോട്ട എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ഒക്ടോബര്‍ 5 ന് റിലീസിനെത്തിയ ചിത്രം എന്നാല്‍ വേണ്ടത്ര വിധത്തില്‍ സ്വീകരിക്കപ്പെട്ടില്ല. ഈ അവസരത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത രംഗത്ത് വന്നിരിക്കുകയാണ് താരം.

ന്യായങ്ങള്‍ കണ്ടെത്താനില്ലെന്നും ഉത്തരവാദിത്തമേല്‍ക്കുന്നുവെന്നും വിജയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൊളിറ്റിക്കല്‍ ത്രില്ലറായെത്തിയ നോട്ടയില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ചിത്രം നിരാശപ്പെടുത്തിയെന്ന് അഭിപ്രായം ഉയര്‍ന്നപ്പോള്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

തനിക്ക് വേണ്ടി സിനിമ കാണുന്നവര്‍ക്കും, തന്റെ തോല്‍വി ആഘോഷിക്കുന്നവര്‍ക്കും വേണ്ടി എന്ന് പറഞ്ഞാണ് ദേവേരകൊണ്ട കുറിപ്പ് തുടങ്ങുന്നത്.

'ഞാന്‍ ന്യായീകരിക്കാനില്ല,  ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. നോട്ടയെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ പറയാനാഗ്രഹിച്ച കഥയാണിത്. അവതരിപ്പിക്കാനാഗ്രഹിച്ച കഥാപാത്രമാണത്. സിനിമയെ സ്‌നേഹത്തോടെ സ്വീകരിച്ച തമിഴ്‌നാടിനും ദേശീയ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദി. നിങ്ങളുടെ നിരാശയെയും വിമര്‍ശനങ്ങളെയും ഞാന്‍ ഏറെ ഗൗരവമായി കാണുന്നു. തെറ്റ് തിരുത്തും, അതില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കും. പക്ഷേ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകില്ല. 

ജയപരാജയങ്ങള്‍ക്ക് ഒരു റൗഡിയെ തകര്‍ക്കാനാകില്ല. ജയിക്കുക എന്നത് മാത്രമല്ല, ആ ജയത്തിനുവേണ്ടി നിങ്ങള്‍ എത്രമാത്രം പോരാടിയെന്നതും പ്രസക്തമാണ്. പോരാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കും. പരാജയം ആഘോഷിക്കുന്നവരോട് ഒരു വാക്ക്, തീര്‍ച്ചയായും ഞാന്‍ തിരിച്ചുവരും.' 

ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്ത നോട്ട കെ.ഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മിച്ചത്. ചിത്രത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായാണ് വിജയ് എത്തിയത്. ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രം എന്ന നിലയിലാണ് നോട്ട റിലീസിനു മുന്‍പ് ശ്രദ്ധിക്കപ്പെട്ടത്. തെലുഗിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.