വിജയ് ബാബു | ഫോട്ടോ: www.facebook.com/Vijaybabuofficial/photos
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ ഏഴുദിവസത്തെ കസ്റ്റഡിയും ചോദ്യം ചെയ്യലും അവസാനിച്ചു. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിജയ് ബാബു തന്നെയാണ് ഇക്കാര്യം പറഞ്ഞത്. അന്വേഷണോദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കുകയും എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും നൽകുകയും ചെയ്തുവെന്ന് നടൻ പറഞ്ഞു.
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള ഏഴുദിവസത്തെ കസ്റ്റഡിയും ചോദ്യം ചെയ്യലും അവസാനിച്ചിരിക്കുന്നു എന്നുപറഞ്ഞുകൊണ്ടാണ് വിജയ് ബാബുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. അന്വേഷണോദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കുകയും എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും നൽകുകയും ചെയ്തു. ഇക്കഴിഞ്ഞ 70 ദിവസവും മനസ് അസ്വസ്ഥമായിരുന്ന എന്നോടൊപ്പം നിന്നതിനും ഞാനിപ്പോൾ ജീവനോടെയിരിക്കുന്നതിനും ദൈവത്തോട് നന്ദി പറയുന്നുവെന്ന് അദ്ദേഹം എഴുതി.
"സ്നേഹവും ആശ്വാസവാക്കുകളും കൊണ്ട് എനിക്ക് ശ്വാസമേകിയ എന്റെ കുടുംബത്തിനും പ്രിയ സുഹൃത്തുക്കൾക്കും നന്ദി. ഞാനിന്ന് ജീവിച്ചിരിക്കാൻ കാരണം നിങ്ങൾ ഓരോരുത്തരുമാണ്. അന്തിമ വിജയം സത്യത്തിനു മാത്രമായിരിക്കും. മാധ്യമങ്ങൾ ക്ഷമിക്കണം. നിങ്ങൾക്ക് തരാൻ മറുപടിയുണ്ടെങ്കിലും ഈ കേസിനേക്കുറിച്ച് കുടുംബത്തോടും കോടതിയോടും അഭിഭാഷകരോടും അന്വേഷണോദ്യോഗസ്ഥരോടും മാത്രമേ ഇപ്പോൾ സംസാരിക്കാനാവൂ. അതുവരെ എന്റെ സിനിമകൾ നിങ്ങളോട് സംസാരിക്കും. ഞാനും സിനിമകളെക്കുറിച്ചേ മനസ്തുറക്കൂ". വിജയ് ബാബു കുറിച്ചു.
തകർന്ന മനുഷ്യനേക്കാൾ ശക്തനായി ആരുമില്ല. അവൻ സ്വയം പുനർനിർമിക്കുകയാണ് എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..