വിജയ് ബാബു (ഫയൽ ചിത്രം) | ഫോട്ടോ: വി.പി. പ്രവീൺകുമാർ | മാതൃഭൂമി
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
വിജയ് ബാബുവിന് ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിൽത്തന്നെയുണ്ടാകണമെന്ന് നടനോട് കോടതി നിർദേശിച്ചിട്ടുണ്ട്. പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്.
ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന വിധിയെന്നാണ് അഡ്വ.ജയശങ്കർ വിഷയത്തിൽ പ്രതികരിച്ചത്. ഒരു കേസ് കോടതിയിൽ പെൻഡിങ്ങിലായിരിക്കുമ്പോൾ ഒരുകാലത്തും അതിനേക്കുറിച്ച് ആരും അഭിപ്രായം പറയുന്നത് ശരിയല്ല എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ എസ്. രാജു പ്രതികരിച്ചു. ഇന്നത്തെ ലോകം വളരെ വലുതായി. കുറഞ്ഞസമയത്തിനുള്ളിൽ ഒരാളെ എവിടെനിന്ന് വേണമെങ്കിലും അറസ്റ്റ് ചെയ്ത് കൊണ്ടുവരാം. കേസ് കേൾക്കുന്ന സമയത്ത് ഒരാൾ മാത്രം പറയുന്നതാണ് ശരിയെന്ന് കരുതിയാൽ ആ കേസ് ഇല്ലാതെയാവും. ഒത്തുതീർപ്പിന് ശ്രമിച്ചു എന്ന തരത്തിൽ ആരോപണങ്ങളുണ്ടെങ്കിലും അത് കോടതിയിൽ പറയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്ന് നടി മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. കൂടാതെ അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ രംഗത്തെത്തിയിരുന്നു. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ പിടിച്ച് അകത്തിടാനെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പോലീസ് ശ്രമിച്ചിരുന്നെങ്കിൽ വിജയ് ബാബുവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. പലർക്കും പല നീതി എന്നത് ശരിയല്ല. അതിജീവിതയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെങ്കിൽ ഗൗരവമുള്ള കാര്യമാണ്. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഭയപ്പെടുന്നത് എന്തിനാണെന്നും കെമാൽ പാഷ ചോദിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..