യസൂര്യയെ നായകനാക്കി കടമറ്റത്ത് കത്തനാര്‍ ചിത്രമൊരുക്കുന്ന സന്തോഷത്തിലാണ് നിര്‍മാതാവും നടനുമായ വിജയ് ബാബു. അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. പ്രേക്ഷകര്‍ ഇതുവരെ അനുഭവിക്കാത്ത ദൃശ്യവിസ്മയം കടമറ്റത്ത് കത്തനാരിലൂടെ സമ്മാനിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിജയ് ബാബു മാതൃഭൂമി ഡോട്ട്‌ കോമിനോട് പറഞ്ഞു.

ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടിലെത്തിയ മിക്ക ചിത്രങ്ങളും ജനപ്രീതി നേടുകയും ബോക്സ് ഓഫീസില്‍ വന്‍ വിജയം കൈവരിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഫിലിപ്പ്‌സ് ആന്റ് ദ മങ്കി പെന്‍, ആട്, ആട് 2 തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണമാണ്. ഫ്രൈഡേ ഫിലിം  ഹൗസ് നിര്‍മിക്കുന്ന അഞ്ച് സിനിമകളില്‍ ജയസൂര്യ തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശ്ശൂര്‍ പൂരം, അതിഥി റാവു ഹൈദാരി നായികയായെത്തുന്ന സൂഫിയും സുജാതയും, നടന്‍ സത്യന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം എന്നിവയ്ക്ക് പുറമേ ആടിന്റെ മൂന്നാം ഭാഗവും അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണെന്ന് വിജയ് ബാബു പറഞ്ഞു.

ഏറെ വ്യത്യസ്തമായാണ് കടമറ്റത്ത് കത്തനാര്‍ ഒരുക്കുന്നത്. വളരെ കാലത്തെ ഗവേഷണത്തിന് ശേഷമാണ് ആര്‍. രാമാനന്ദ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥ കേട്ടപ്പോള്‍ ഞങ്ങള്‍ അതിശയിച്ചു പോയി. കടമറ്റത്ത് കത്തനാരെക്കുറിച്ച് നമ്മള്‍ ഇതുവരെ കേട്ടിട്ടുള്ള കഥയല്ല ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മികച്ച സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 3 ഡി ദൃശ്യമികവോടെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തും. 2 ഡിയിലും പ്രദര്‍ശനത്തിനെത്തിക്കും. ഫിലിപ്പ്സ് ആന്റ് ദ മങ്കിപ്പെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരുപാട് സാധ്യതകളുള്ള ചിത്രമാണിത്. വന്‍ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. ഈ ചിത്രം മാത്രമല്ല സത്യന്‍ മാഷിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രവും ആട് 3യും വന്‍ മുതല്‍മുടക്കിലാണ് നിര്‍മിക്കുന്നത്. 

ജയസൂര്യയ്‌ക്കൊപ്പം തുടര്‍ച്ചയായ ചിത്രങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് വിജയ് ബാബു പറയുന്നതിങ്ങനെ:

ജയസൂര്യ എനിക്ക് സഹോദരതുല്യനാണ്. നല്ല അര്‍പ്പണ ബോധമുള്ള നടനാണ് അദ്ദേഹം. വര്‍ഷങ്ങളുടെ പരിചയമുണ്ട്. മാത്രവുമല്ല ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. സിനിമയില്‍ മുഴുകി ജീവിക്കുന്ന ഒരാളാണ് അദ്ദേഹം. എന്റെ ശക്തിയും ദൗര്‍ബല്യവും എന്താണെന്ന് ജയസൂര്യയ്ക്ക് കൃത്യമായി അറിയാം. അതുപോലെ എനിക്ക് തിരിച്ചും. ജയസൂര്യയ്‌ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ വല്ലാത്ത സന്തോഷമാണ്, പോസിറ്റീവ് എനര്‍ജിയാണ്. അദ്ദേഹം നായകനാകുന്ന ചിത്രമാണെങ്കില്‍ ഞാന്‍ രണ്ടാമതൊന്ന് ആലോചിക്കാറില്ല- വിജയ് ബാബു പറഞ്ഞു. 

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികനായിരുന്നു കടമറ്റത്ത് കത്തനാര്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കടമറ്റത്ത് കത്തനാരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

Content Highlights: Vijay Babu Friday Film House talks about kadamattathu kathanar, Jayasurya, Sathyan Biopic Movie, Aadu 3, Sufiyum Sujathayum, Thrissur Pooram