വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു. കറുപ്പ് സ്യൂട്ട് ധരിച്ച് ചടങ്ങിനെത്തിയ വിജയ്‌യെ ആവേശഭരിതരായി ആര്‍ത്തു വിളിച്ച് ആരാധകര്‍ സ്വാഗതം ചെയ്തു. 

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഓഡിയോ ലോഞ്ച് നടന്നേക്കില്ലെന്ന തരത്തില്‍ സിനിമാമേഖലയിലും സോഷ്യല്‍മീഡിയയിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ആര്‍ഭാടങ്ങളൊഴിവാക്കി ചെറിയ തോതിലാണ് ചടങ്ങ് നടന്നത്.

മാസ്റ്ററിന്റെ നെയ്‌വേലിയിലെ ലൊക്കേഷനില്‍ വെച്ചാണ് വിജയ്‌യെ ആദായനികുതി വകുപ്പുകാര്‍ ചോദ്യംചെയ്യലിനായി കൊണ്ടുപോയത്. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തിയെന്നായിരുന്നു നടനെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് താരം നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഈ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓഡിയോ ലോഞ്ചില്‍ വെച്ച് താരം പറയുന്ന വാക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

കാര്‍ത്തി കേന്ദ്രകഥാപാത്രമായെത്തിയ കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റര്‍. ഒരു സ്‌കൂള്‍ പ്രൊഫസറുടെ റോളാണ് വിജയ് യുടേത് എന്നാണ് സൂചനകള്‍. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. മാളവിക മോഹനനും ആന്‍ഡ്രിയയും നായികമാരാകും.

ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മാണം. ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങും.

Content Highlights ; vijay attends master movie audio launch