നടൻ വിജയുടെ കരിയറിലെ അറുപത്തിയഞ്ചാം ചിത്രത്തിന് തുടക്കമാകുന്നു. സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രം സംവിധാനം  ചെയ്യുന്നത് നെൽസൺ ദിലീപ്കുമാറാണ്. വരുന്ന മെയ്യോടെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് റഷ്യയാണെന്നാണ് റിപ്പോർട്ടുകൾ.

പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുന്ന ദളപതി 65 ലെ വിജയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്. പിങ്ക് വില്ലയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ കാണാത്ത റോളിലാകും വിജയ് ചിത്രത്തിലെത്തുക. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ആളുകളെ കബളിപ്പിക്കുന്നതിൽ പ്രഗത്ഭനായ ഒരു കോൺഏജന്റിന്റെ വേഷമാവും വിജയ് കൈകാര്യം ചെയ്യുക. 

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീതം നൽകുന്നത്. പൂജാ ഹെ​ഗ്ഡെ ചിത്രത്തിൽ നായികയായെത്തുമ്പോൾ പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദ്ധീൻ സിദ്ധിഖിയാണെന്ന് റിപ്പോർട്ടുകളുണ്ട്. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററാണ് വിജയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മാളവിക മോഹൻ നായികയായെത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത് മക്കൾസെൽവൻ വിജയ് സേതുപതിയാണ്.

Content Highlights : Vijay as Con Agent in Thalapathy 65 Kollywood Nelson DilipKumar