വാരിസ് സിനിമയുടെ ഓഡിയോ ലോഞ്ചിൽ വിജയ് സംസാരിക്കുന്നു | ഫോട്ടോ: സ്ക്രീൻഗ്രാബ് | www.youtube.com/watch?v=_Q-WrXKzIM8
ഈ വർഷത്തെ പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുന്ന വാരിസ് എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലെങ്ങും. ചിത്രത്തിലെ പാട്ടുകൾ പുറത്തിറക്കുന്ന ചടങ്ങിൽ വിജയ് നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കമാണ് അക്കൂട്ടത്തിൽ മുന്നിട്ടുനിൽക്കുന്നത്. സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഖുശ്ബുവിനോടുള്ള തന്റെ ആരാധനയേക്കുറിച്ചുള്ള സൂപ്പർതാരത്തിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
'വാരിസി'ൽ ഒപ്പം പ്രവർത്തിച്ച താരങ്ങളേയും അണിയറപ്രവർത്തകരേയും അഭിനന്ദിക്കുന്നതിനിടെയാണ് ഖുശ്ബുവിനേക്കുറിച്ചുള്ള ഒരു ഓർമ വിജയ് പങ്കുവെച്ചത്. ഖുശ്ബുവിനെ ദീദിയെന്നാണ് വിജയ് വിശേഷിപ്പിച്ചത്. എന്താണെന്നറിയില്ല, അവരുടെ മുഖം കാണുമ്പോഴേ ഞാൻ 'ചിന്നത്തമ്പി' ദിനങ്ങളിലേക്ക് പോകും. കമല തിയേറ്ററിൽ ടിക്കറ്റെടുത്ത് സിനിമ കണ്ടത്. കൂട്ടുകാർക്കൊപ്പം സിനിമയ്ക്ക് പോയത്. ഗേൾഫ്രണ്ടിനൊപ്പം പടത്തിന് പോയത് എല്ലാം ഓർക്കുമെന്ന് വിജയ് പറഞ്ഞു.
ഇതിനിടയിൽ അന്ന് ഒപ്പം വന്ന ഗേൾഫ്രണ്ട് ആരാണെന്ന് അവതാരകരുടെ ചോദ്യവുമെത്തി. എല്ലാം നല്ല പോലെ പോവുകയാണ്, മിണ്ടിപ്പോവരുത് എന്നായിരുന്നു ഇതിനുള്ള വിജയിന്റെ മറുപടി. ചെറിയ വേഷമായിട്ടുകൂടി ഈ റോൾ വന്ന് ചെയ്തതിന് ഖുശ്ബുവിനോട് ഒരുപാട് നന്ദിയുണ്ടെന്നും വിജയ് പറഞ്ഞു.
തെലുങ്കിലെ മുൻനിര സംവിധായകനായ വംശി പൈഡിപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് 'വാരിസ്'. വിജയ് രാജേന്ദ്രന് എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് വിജയിന്റെ അച്ഛന്റെ വേഷത്തിലെത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് നിര്‍മാണം.
ശരത്കുമാര്, പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീതാ ക്രിഷ്, സംയുക്താ ഷണ്മുഖനാഥന്, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമന്, ശ്രീമാന്‍, വി.ടി. ഗണേശന്, ജോണ്‍ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരാണ് മറ്റഭിനേതാക്കള്‍. സംവിധായകനൊപ്പം ഹരി, അഹിഷോര്‍ സോളമന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. തമൻ ആണ് സംഗീതസംവിധാനം. ഗാനരചയിതാവ് വിവേകാണ് അഡീഷണല്‍ തിരക്കഥ. കാര്‍ത്തിക് പളനി എഡിറ്റിങ്ങും പ്രവീണ്‍ കെ.എല്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
Content Highlights: vijay about watching chinna thambi movie with his girl friend, varisu audio launch vijay speech
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..