കോവിഡ് ബാധിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് വിഗ്നേശ് ശിവനും നയന്‍താരയും. ഇന്‍സ്റ്റാഗ്രാമിലൂടെ വ്യത്യസ്തമായ രീതിയിലാണ് വിഗ്നേശും നയന്‍താരയും പ്രതികരിച്ചിരിക്കുന്നത്. വിഗ്നേശ് പങ്കുവെച്ചിരിക്കുന്ന തമാശ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

'ഞങ്ങള്‍ക്കു ചുറ്റുമുള്ള വാര്‍ത്തകളെ ഞങ്ങള്‍ ഇങ്ങനെയാണ് കാണുന്നത്. മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഭാവനയിലൂടെ മെനഞ്ഞെടുത്ത കൊറോണ വാര്‍ത്തകളോട്.. ഞങ്ങള്‍ സന്തുഷ്ടരാണ്.. ആരോഗ്യത്തോടെ ഇരിക്കുന്നു. നിങ്ങളുടെ ഇത്തരം തമാശകള്‍ കണ്ടിരിക്കാനുള്ള കരുത്തും സന്തോഷവും ദൈവം സഹായിച്ച് ഞങ്ങള്‍ക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.' വിഗ്നേശ് ശിവന്‍ വീഡിയോ പങ്കുവെച്ച് കുറിച്ചു. 

തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്‌നേശ് ശിവനും കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന തരത്തില്‍ ചില തമിഴ് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.  തമിഴ്നാട്ടില്‍ കോവിഡ് 19ന്റെ വ്യാപനം അധികമാണെന്നിരിക്കേയാണ് നയന്‍താരയ്ക്കും വിഗ്‌നേശ് ശിവനും കൊറോണ വൈറസ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

ചെന്നൈയില്‍ കോവിഡ് വ്യാപനം ശക്തിയേറുകയാണ്. ചെന്നൈയിലെ രണ്ട് ഹോട്ട്സ്പോട്ടുകളായ കോടമ്പാക്കം, വത്സരവാക്കം എന്നീ സ്ഥലങ്ങളിലാണ് തമിഴ് സിനിമാതാരങ്ങള്‍ ഏറെയും താമസിക്കുന്നത്. ഇതിനു പിന്നാലെയാണ് ചില തമിഴ് സംവിധായകര്‍ക്കും താരങ്ങള്‍ക്കും കൊറോണ വൈറസ് ബാധിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില തമിഴ് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

'കാതു വാക്കുല രണ്ടു കാതല്‍' എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് വിഗ്‌നേശ് ശിവന്‍. 

Content Highlights : vignesh sivan and nayanthara response video to covid 19 gossips instagram