വിദ്യുത് ജംവാൾ ആരാധകനൊപ്പം | ഫോട്ടോ: സ്ക്രീൻഗ്രാബ് | https://www.facebook.com/OfficialVidyutJammwal
സർപ്രൈസുകൾ നൽകി ആരാധകരെ ഞെട്ടിക്കുന്നവരാണ് പല താരങ്ങളും. ബോളിവുഡ് നടൻ വിദ്യുത് ജംവാളും അങ്ങനെയൊരാളാണ്. ഈയിടെ അദ്ദേഹം തന്റെ ആരാധകന് നൽകിയ സർപ്രൈസ് കുറച്ച് വ്യത്യസ്തമായിരുന്നു. കെട്ടിട നിർമാണത്തിലേർപ്പെട്ടിരുന്ന ഒരു തൊഴിലാളിയെ കാണാൻ അതിസാഹസികമായാണ് വിദ്യുത് എത്തിയത്.
കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിൽക്കുന്ന താരം താഴെ താൽക്കാലികമായി സജ്ജീകരിച്ച തട്ടിൽനിന്ന് ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആരാധകനോട് സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. തന്റെ സിനിമകളേക്കുറിച്ചൊക്കെ ചോദിക്കുന്നുണ്ട് വിദ്യുത്. സംസാരത്തിനിടയിൽ കയ്യിൽ ഫോണുണ്ടോയെന്നും ഒരുമിച്ചൊരു ഫോട്ടോയെടുത്താലോ എന്നും നടൻ ചോദിക്കുന്നു. താഴേക്ക് ചാടരുതെന്ന് പറഞ്ഞുകൊണ്ട് ആരാധകൻ ഫോൺ കയ്യിലെടുക്കുമ്പോഴേക്കും ബാൽക്കണി വഴി അതിസാഹസികമായി വിദ്യുത് താഴെയെത്തിയിരുന്നു.
ആരാധിക്കുന്ന നടനെ തൊട്ടടുത്ത് കണ്ട സന്തോഷത്തിൽ നിൽക്കുന്ന യുവാവിന്റെ കയ്യിൽ ചുംബിക്കുകയും ചെയ്യുന്നുണ്ട് ആക്ഷൻ താരം. വിദ്യുതിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവന്ന വീഡിയോക്ക് വൻവരവേല്പാണ് ലഭിച്ചത്. സ്വർണ ഹൃദയമുള്ളയാൾ എന്നെല്ലാമാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്.
'ഖുദാ ഹാഫിസ് ചാപ്റ്റർ 2 - അഗ്നിപരീക്ഷ'യാണ് വിദ്യുത് ജംവാളിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഈ മാസം എട്ടിനാണ് അഗ്നിപരീക്ഷ തിയേറ്ററുകളിലെത്തുന്നത്. ഐ.ബി 71, ഷേർ സിങ് റാണ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി അണിയറയിൽ തയ്യാറെടുക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..