വിദ്യുത് ജംവാൾ | ഫോട്ടോ: എ.എൻ.ഐ
ബോളിവുഡിൽ ആക്ഷൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിദ്യുത് ജംവാൾ. ഖുദാ ഹാഫിസ്-ചാപ്റ്റർ 2: അഗ്നിപരീക്ഷ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള പ്രചാരണപരിപാടികളാണ് താരം. ആക്ഷനിലെ തന്റെ മെയ് വഴക്കത്തിനേക്കുറിച്ച് വിദ്യുത് പറഞ്ഞ ഒരു കാര്യം പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും മികച്ച ആയോധന കലാകാരൻ താനാണെന്നാണ് വിദ്യുത് പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു നടന്റെ പരാമർശം. ജോൺ എബ്രഹാം, ടൈഗർ ഷ്റോഫ്, ആദിത്യ റോയ് കപൂർ എന്നിവരുടെ ആക്ഷൻ ചിത്രങ്ങളേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇത്. ജോണും, ടൈഗറും ആദിത്യ റോയ് കപൂറുമെല്ലാം നന്നായി ആക്ഷൻ ചെയ്യുന്ന താരങ്ങളാണ്. പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച മാർഷ്യൽ ആർട്ടിസ്റ്റ് താനാണെന്നാണ് വിദ്യുത് പറഞ്ഞത്.
ഉണർന്നിരിക്കുമ്പോളും എന്തിന് ഉറങ്ങുമ്പോൾ വരെ ഞാൻ ജോലി ചെയ്യുന്നു. അങ്ങനെയാണ് ഞാനെന്റെ കഴിവുകൾ വളർത്തിയത്. ആളുകൾ പലപ്പോഴും എന്നെ ജാക്കി ചാനുമായും ടോണി ജായുമായും ആക്ഷനിലെ മറ്റ് മഹാ നടന്മാരുമായും എന്നെ താരതമ്യം ചെയ്യാറുണ്ട്. ഏറ്റവും മികച്ചതുമായിട്ടാണ് അവരെന്നെ താരതമ്യം ചെയ്യുന്നതെന്നത് അദ്ഭുതകരമായ കാര്യമാണ്. നിങ്ങളുടെ ചലനം മൈക്കിൾ ജാക്സണെ പോലെ മനോഹരമാണ് എന്ന് പറയുന്നത് പോലെയാണത്. അദ്ദേഹം പറഞ്ഞു.
സംഘട്ടനരംഗങ്ങൾ ചെയ്യുന്നതാണോ അഭിനയിക്കുന്നതാണോ എളുപ്പം എന്ന ചോദ്യത്തിന് നിങ്ങളൊരു നല്ല ആയോധന കലാകാരൻ ആണെങ്കിലേ ഇതിന് മറുപടി പറയാനാവൂ എന്നായിരുന്നു താരത്തിന്റെ ഉത്തരം. 2020-ൽ ഓ.ടി.ടി റിലീസായെത്തിയ ഖുദാ ഹാഫിസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അഗ്നിപരീക്ഷ. ഫാറൂഖ് കബീർ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..