നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മൃതദേഹത്തിൽ ‘അമ്മ’യ്ക്കു വേണ്ടി നടൻ കൈലാഷ് റീത്ത് സമർപ്പിച്ചപ്പോൾ
ചെന്നൈ: തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന് (48) സിനിമാലോകത്തിന്റെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച രാത്രിയാണ് വിദ്യാസാഗർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. വിദ്യാസാഗറിന്റെ മൃതദേഹം സെയ്ദാപേട്ടയിലെ മീനയുടെ വീട്ടിൽ പൊതുദർശനത്തിനു വെച്ചു. ബുധനാഴ്ച രാവിലെമുതൽ സിനിമാരംഗത്തുള്ള ഒട്ടേറെപ്പേർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. നടൻ രജനീകാന്ത് വീട്ടിലെത്തി മീനയെ സമാശ്വസിപ്പിച്ചു. ‘അമ്മ’യ്ക്കുവേണ്ടി നടൻ കൈലാഷ് റീത്ത് സമർപ്പിച്ചു.
പ്രഭുദേവ, റഹ്മാൻ, ഖുശ്ബു, ശരത്കുമാർ, ലക്ഷ്മി മഞ്ജു തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിച്ചു. മീനയുടെ ഭർത്താവിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും കുടുംബത്തിന് ദുഃഖം താങ്ങാനാവട്ടെയെന്നും ശരത് കുമാർ ട്വിറ്റ് ചെയ്തു. സങ്കടംപ്രകടിപ്പിക്കാൻപോലും വാക്കുകൾ നഷ്ടപ്പെടുകയാണെന്ന് നടി ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് ബസന്റ് നഗർ ശ്മശാനത്തിൽ നടന്നു.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മീനയ്ക്കും ഭർത്താവിനും കോവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായശേഷവും വിദ്യാസാഗറിന് ശ്വാസകോശരോഗങ്ങൾ തുടർന്നു. ആറുമാസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശ്വാസകോശം മാറ്റിവെക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് വിദ്യാസാഗറിന്റെ മരണം. മീന-വിദ്യാസാഗർ ദമ്പതിമാർക്ക് നൈനിക എന്ന മകളുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..