നായകന്മാരുടെ നിഴലല്ല, നല്ല വ്യക്തിത്വവും തന്റേടവുമുള്ളവരാണ് വിദ്യാബാലന്റെ നായികമാര്‍ ഏറെയും. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല, പിന്നിലും ഈ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കാറുണ്ട് വിദ്യ. സിനിമയിലെ വേഷങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും അഭിമുഖങ്ങളില്‍ ചോദ്യങ്ങളെ നേരിടുമ്പോഴുമെല്ലാം ഈ തന്റേടം കാട്ടാറുമുണ്ട്.

അടുത്തകാലം വരെ വിദ്യയെ വിടാതെ പിന്തുടര്‍ന്ന ഒരു ചോദ്യമുണ്ടായിരുന്നു. ഒരൊറ്റ ചൂടന്‍ മറുപടി കൊണ്ട് ആ ചോദ്യത്തിന്റെ മുനയൊടിച്ച കഥ വിദ്യ തന്നെ പറയുന്നു ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍.

കുഞ്ഞുങ്ങളെക്കുറിച്ചും കുടുംബം വിപുലമാക്കുന്നതിനെക്കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങള്‍ ആദ്യമൊക്കെ അലോസരമുണ്ടാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെ ഒരു നേരമ്പോക്കായാണ് ഞാന്‍ കാണുന്നത്. എപ്പോഴാണ് കുഞ്ഞുണ്ടാവുന്നത് എന്ന് ചോദിക്കുന്നവരോട് അടുത്ത തവണ ഞങ്ങള്‍ ഒപ്പമുണ്ടാകുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളേയും വിളിക്കാം എന്ന് മറുപടിയാണ് ഞാന്‍ നല്‍കാറുള്ളത്. അതില്‍പ്പിനെ ഈ ചോദ്യം ആവര്‍ത്തിക്കപ്പെടാറില്ല-വിദ്യ പറഞ്ഞു.

വിവാഹം തന്റെ വ്യക്തിത്വത്തെയോ കരിയറിനെയോ തെല്ലും ബാധിച്ചിട്ടില്ലെന്നും വിദ്യ പറയുന്നു. ആരുടെയും ജീവിതം വിവാഹത്തോടെ അവസാനിക്കുന്നില്ലല്ലോ. സിനിമയും സമൂഹത്തിന്റെ ഭാഗമാണ്. അതുകൊണ്ട് സിനിമയിലും വിവാഹം ആര്‍ക്കും ഒരു തടസ്സമല്ല. വിവാഹം കഴിഞ്ഞാല്‍ തുടക്കകാലത്ത് ചില മാറ്റങ്ങള്‍ ഉണ്ടായേക്കും. ആളുകള്‍ നമ്മളെ ഒരു വ്യക്തി മാത്രമായി കാണില്ല. അപ്പോള്‍ നമ്മുടെ വ്യക്തിത്വം കാത്തൂസൂക്ഷിക്കേണ്ടത് നമ്മളാണ്.  ഇക്കാര്യത്തില്‍ എനിക്ക് വിജയിക്കാനായിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.

മീനാകുമാരിയുടെ വേഷം ചെയ്യണം എന്നത് വലിയൊരു ആഗ്രഹമായിരുന്നു. അങ്ങിനെ ഒരു ഓഫര്‍ വരികയും ചെയ്തതാണ്. എന്നാല്‍, ഡേര്‍ട്ടി പിക്ചര്‍ കഴിഞ്ഞ ഉടനെ വന്നതിനാല്‍ എനിക്ക് അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഇന്ദിരാഗാന്ധി, മീന കുമാരി, എം.എസ്.സുബ്ബലക്ഷ്മി എന്നിവരുടെ ജീവിതങ്ങളും വെള്ളിത്തിരയില്‍ അവതരിപ്പിക്കണം എന്ന ആഗ്രഹം മനസ്സില്‍ ശേഷിക്കുന്നുണ്ട്-വിദ്യാ ബാലന്‍ പറഞ്ഞു.