ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് താന്‍ ഇവിടെ വരെ എത്തിയതെന്ന് ഗായിക വിദ്യ വോക്‌സ്. ചെന്നൈയില്‍ ജനിച്ച് അമേരിക്കയിലെ വിര്‍ജീനിയയില്‍ വളര്‍ന്ന വിദ്യ യുട്യൂബിലൂടെയാണ് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയത്. മലയാളം. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് തുടങ്ങി എല്ലാ ഭാഷകളിലെയും ഗാനങ്ങള്‍ അനായാസമായി പാടാന്‍ വിദ്യക്ക് സാധിക്കും.

അമേരിക്കയിലെ കുട്ടിക്കാലം ഏറെ പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും അച്ഛന്റെ പീഡനം തന്റെ മാനസിന്റെ താളം തെറ്റിച്ചുവെന്ന് തുറന്ന് പറയുകയാണ് വിദ്യ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ മനസ്സു തുറന്നത്.

'അച്ഛന്‍ എന്നെയും അമ്മയെയും സഹോദരങ്ങളെയുമെല്ലാം എല്ലാവരെയും നന്നായി ഉപദ്രവിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമായിരുന്നു. സ്വന്തം ഇഷ്ടത്തിന് വസ്ത്രം ധരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലായിരുന്നു. അച്ഛന്റെ പെരുമാറ്റ രീതി എന്റെ മനസ്സിനെ വല്ലാതെ ബാധിച്ചു. അങ്ങനെ ഉത്കണ്ഠാ രോഗിയായി ഞാന്‍. 

എനിക്ക് പതിനാറ് വയസ്സുള്ളപ്പോള്‍ അമ്മ എന്നെയും സഹോദരങ്ങളെയും കൂട്ടി അച്ഛന്റെ വീടുവിട്ടിറങ്ങി. വിവാഹമോചനം വലിയ പാപമായി കണക്കാക്കുന്ന ഒരു പ്രവണത ഇന്ത്യന്‍ സമൂഹത്തിലുണ്ട്. അതുകൊണ്ടു തന്നെ അമ്മയും അച്ഛനും പിരിഞ്ഞപ്പോള്‍ എന്നെ പാട്ടുപഠിപ്പിക്കാന്‍ ഒരു അധ്യാപകന്‍ വിസമ്മതിച്ചു'- വിദ്യ പറഞ്ഞു. 

അമേരിക്കയിലെ ജീവിതം വര്‍ണ വിവേചനം എന്താണെന്ന് ശരിക്കും മനസ്സിലാക്കി തന്നുവെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു. 

'സംഗീതമാണ് എനിക്കെല്ലാം. കുട്ടിക്കാലത്ത് എന്റെ ജീവിതം രണ്ട് തലത്തിലായിരുന്നു. വീട്ടിലിരിക്കുമ്പോള്‍ കര്‍ണാടക സംഗീതം കേള്‍ക്കും ദോശയും സാമ്പാറും കഴിക്കും അങ്ങനെ.. പക്ഷേ വീടിന് പുറത്തും സ്‌കൂളുകളിലുമെല്ലാം ഷക്കീറയും ബാക്ക്‌സ്ട്രീറ്റ് ബോയ്‌സും എന്നെ സ്വാധീനിച്ചു. ഇപ്പോള്‍ സംഗീത പ്രേമികള്‍ നല്‍കുന്ന പിന്തുണയാണ് എനിക്ക് എല്ലാം'- വിദ്യ കൂട്ടിച്ചേര്‍ത്തു.