ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിദ്യ ബാലന്‍. നേഹ ധൂപിയ അവതരിപ്പിക്കുന്ന നോ ഫില്‍ട്ടര്‍ നേഹ എന്ന ടെലിവിഷന്‍ പരിപാടിക്കിടെയാണ് വിദ്യയുടെ വെളിപ്പെടുത്തല്‍. 

സെന്റ് സേവിയേഴ്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു വിദ്യ അന്ന്. കോളേജില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി മുംബൈയിലെ ഒരു ലോക്കല്‍ ട്രെയിനില്‍ വച്ചാണ് സംഭവം. വിദ്യ പറയുന്നതിങ്ങനെ

'ഞാനും എന്റെ മൂന്ന് സുഹൃത്തുക്കളും സംസാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് വനിതാ കംപാര്‍ട്ട്‌മെന്റില്‍ ഒരു പുരുഷന്‍ വന്ന് കയറുന്നത്. ഇത് വനിതാ കംപാര്‍ട്ട്‌മെന്റ് ആണെന്നും അയാളോട് ഇറങ്ങണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. പക്ഷേ, അയാള്‍ അനുസരിച്ചില്ല. അയാള്‍ വാതിലിനരികെ നില്‍ക്കുകയും പതുക്കെ പാന്റ്‌സിന്റെ സിപ് തുറക്കുകയും ചെയ്തു. ഞങ്ങളുടെ മുന്‍പില്‍ വച്ച് സ്വയംഭോഗം ചെയ്യാന്‍ ആരംഭിച്ചു. എനിക്ക് സഹിക്കാനായില്ല. എന്റെ കയ്യില്‍ ഒരു ഫയല്‍ ഉണ്ടായിരുന്നു. ഞാന്‍ അതുപയോഗിച്ച് അയാളെ ശക്തമായി  തള്ളി. ഭാഗ്യത്തിന് അപ്പോഴേക്കും ട്രെയിന്‍ അടുത്ത സ്‌റ്റേഷനില്‍ എത്തിയിരുന്നു. അല്ലെങ്കില്‍ അയാള്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചേനെ'- വിദ്യ പറഞ്ഞു.