
Vidhya Balan
ബോളിവുഡിൽ ഏറ്റവുമധികം ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുള്ള അഭിനേത്രിയാണ് വിദ്യ ബാലൻ. തടിച്ച ശരീരപ്രകൃതിയുടെ പേരിൽ ട്രോളുകളും മീമുകളുമായി നിരന്തരം പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്. ഇത്തരം അധിക്ഷേപങ്ങൾക്കിരയായി തന്റെ ശരീരത്തെപ്പോലും താൻ വെറുത്തിരുന്ന കാലമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ വിദ്യ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
"സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഈ സാഹചര്യങ്ങളെല്ലാം മാറുമെന്ന് പറഞ്ഞു തരാൻ എനിക്കാരുമുണ്ടായിരുന്നില്ല. എന്റെ ഭാരം ദേശീയ പ്രശ്നമായി മാറി. ഞാനെന്നും തടിച്ച പെൺകുട്ടിയായിരുന്നു. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന എന്റെ ശരീരഭാരം എന്നെ അലട്ടാത്ത ഒരു ഘട്ടത്തിലാണ് ഞാനിപ്പോഴെന്ന് എനിക്ക് പറയാനാവില്ല. പക്ഷേ ഞാനേറെ മുന്നോട്ട് പോയിക്കഴിഞ്ഞു.
ജീവിതത്തിലുടനീളം ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ എനിക്കുണ്ടായിരുന്നു. ഏറെ നാൾ എന്റെ ശരീരത്തെ ഞാൻ വെറുത്തു. എന്റെ ശരീരമെന്നെ ചതിച്ചെന്ന് ഞാൻ കരുതി. എന്റെ ഏറ്റവും മികച്ച രൂപമെത്തെ കാണാനുള്ള അമിതമായ സമ്മർദ്ദത്തിലാവും പല ദിവസങ്ങളിലും... അന്നേരമെല്ലാം ഞാൻ വല്ലാതെ തടിക്കുകയും ദേഷ്യവും നിരാശയും എന്നെ കീഴടക്കുകയും ചെയ്തിരുന്നു.
പിന്നീട് എന്താണ് സംഭവിച്ചതെന്ന് വച്ചാൽ ഓരോ ദിവസവും ഞാൻ എന്നെ കുറച്ചുകൂടി സ്നേഹിക്കാനും സ്വീകരിക്കാനും തുടങ്ങി. അങ്ങനെ ആളുകൾക്ക് ഞാൻ കുറച്ചുകൂടി സ്വീകാര്യയായി. അവർ എന്നെ സ്നേഹവും അംഗീകാരങ്ങളും അഭിനന്ദനങ്ങളും കൊണ്ട് മൂടാൻ തുടങ്ങി''- വിദ്യ പറയുന്നു.
Content Highlights: Vidya Balan on body shaming says she hated her body
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..