ലൈംഗികാതിക്രമം ചെറുക്കാന്‍ സ്ത്രീകള്‍ക്കുള്ള ഏറ്റവും വലിയ ആയുധം എന്താണ്? അത് പ്രതികരണമല്ലാതെ മറ്റൊന്നുമല്ലെന്ന് പറയുകയാണ് നടി വിദ്യാ ബാലന്‍. താന്‍ പണ്ടൊരിക്കല്‍ അങ്ങനെ പ്രതികരിച്ച അനുഭവവും ഇയ്യിടെ പങ്കുവച്ചു വിദ്യ. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിദ്യയുടെ തുറന്നുപറച്ചില്‍.

കോളേജില്‍ പഠിക്കുന്ന കാലത്താണ് ആ സംഭവമുണ്ടായത്. മുംബൈയിലെ വി.ടി. സ്‌റ്റേഷനില്‍ യൂണിഫോമിലായിരുന്ന ഒരു സൈനികോദ്യോഗസ്ഥന്‍  എന്റെ മാറിടത്തിലേയ്ക്കു തന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. ഞാന്‍ ആകെ അസ്വസ്ഥയായി അപ്പോള്‍. പിന്നെ അയാള്‍ എന്റെ നേരെ കണ്ണിറുക്കിക്കൊണ്ടിരുന്നു. ഇതോടെ എനിക്ക് നിയന്ത്രണം നഷ്ടമായി. ഉടനെ എഴുന്നേറ്റ് അയാളുടെ അടുത്തേയ്ക്ക് ചെന്ന് ചെയ്യുന്നത് ശരിയല്ലെന്ന് നല്ല ഉറച്ച ശബ്ദത്തില്‍ തന്നെ പറഞ്ഞു. നിങ്ങളുടെ പെരുമാറ്റം ഒട്ടും ശരിയല്ല, രാജ്യത്തെ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട ഒരാളാണ് നിങ്ങള്‍. ആ ചുമതല നിങ്ങള്‍ മറക്കരുത്. ഈ സമയം ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍, ഞാന്‍ പിന്തിരിഞ്ഞില്ല-വിദ്യ പറഞ്ഞു.

സൈനികന്റെ വേഷത്തില്‍ വന്ന് ഒരാള്‍ ഒരു വീഡിയോ വഴി അപമാനിക്കാന്‍ ശ്രമിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു പഴയ അനുഭവം വിദ്യ വെളിപ്പെടുത്തിയത്.

വിദ്യ ശരീരം പ്രദര്‍ശിപ്പിക്കുന്നതിന്  പണം വാങ്ങുമ്പോള്‍ ഒരു സൈനികന്‍ സൗജന്യമായി ആ ശരീരത്തിലേയ്ക്ക് തുറിച്ചുനോക്കിയതില്‍ എന്താണ് തെറ്റ് എന്നായിരുന്നു അയാളുടെ ചോദ്യം. പണം കൊടുക്കാത്തതു മാത്രമാണ് വിദ്യയുടെ പ്രശ്‌നമെന്നും അയാള്‍ വീഡിയോയില്‍ പറഞ്ഞു. രാജ്യത്ത് വേണ്ടി ജീവന്‍ നല്‍കാന്‍ തയ്യാറായ സൈനികരുടെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോള്‍ ബോളിവുഡിന്റെ അഴകുചാലിന്റെ സൃഷ്ടിയായ വിദ്യയുടേത് പോലുള്ള നടികളുടെ സൗന്ദര്യത്തിന് ഒരു വിലയുമില്ലെന്നും അയാള്‍ വീഡിയോയില്‍ പറഞ്ഞു.

Content Highlights: Vidya Balan army man ogled Body Shaming Sexual Assault Me too Viral Video Bollywood Hindi Cinema The Dirty Picture Tumhari Sulu