നടൻ സൂരി | ഫോട്ടോ: www.instagram.com/soorimuthuchamy/
ഒട്ടനവധി തമിഴ് ചിത്രങ്ങളിൽ ഹാസ്യകഥാപാത്രമായി വന്ന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് സൂരി. നായകനായി അരങ്ങേറുന്ന വിടുതലൈ എന്ന ചിത്രത്തിന്റെ ഗാന-ട്രെയിലർ ലോഞ്ച് കഴിഞ്ഞദിവസമാണ് ചെന്നൈയിൽ നടന്നത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിൽ നടന്ന രസകരമായ സംഭവം വിവരിച്ചിരിക്കുകയാണ് താരം.
നടൻ സൂര്യയാണെന്ന് താനെന്ന് ഒരു അമ്മ തെറ്റിദ്ധരിച്ച സംഭവമാണ് സൂരി പങ്കുവെച്ചത്. സിനിമാ ഷൂട്ടിങ്ങാണെന്നും ഇഷ്ടനടനാണ് നായകനെന്നും അറിഞ്ഞ് ഒരു പ്രായമായ അമ്മ എന്നും സെറ്റിൽ വരുമായിരുന്നെന്ന് സൂരി പറഞ്ഞു. തന്നെയാണ് അവർ കാണാൻ വന്നിരുന്നത്. പക്ഷേ തിരക്കുകാരണം ആ അമ്മയെ കാണാൻ കഴിഞ്ഞിരുന്നില്ല. തന്നെ കാണാനാവാത്ത നിരാശയിലാണ് അവർ വന്ന് തിരികെ പോയിരുന്നത്. പത്ത് ദിവസമാണ് അവർ വന്നിട്ട് പോയത്. ഒരുദിവസം സെറ്റിലെ കുറച്ചുപേർ വന്നിട്ട് പറഞ്ഞു അടുത്തുള്ള തെരുവിൽ അവസാനത്തെ വീടാണ് അവരുടേതെന്ന് ക്യാമറാമാൻ പറഞ്ഞെന്ന്. അങ്ങനെ അവരെ കാണാൻ തീരുമാനിച്ചെന്ന് സൂരി പറഞ്ഞു.
'ആ അമ്മയുടെ അനുഗ്രഹം വാങ്ങണമെന്നാണ് പറഞ്ഞത്. കാരണം ഇന്നത്തെ കാലത്ത് നടീനടന്മാരെ യുവാക്കൾ പോലും തിരിച്ചറിയുന്നില്ല. അപ്പോഴാണ് ഇത്രയും പ്രായമുള്ള ഒരു അമ്മ എന്നെ തേടിവന്നത് ഒരു ഭാഗ്യമാണ്. എന്റെ കൂടെ വന്നവർ ആദ്യം വീട്ടിൽ പോയി ഞാൻ കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു. കഞ്ഞി കുടിച്ചുകൊണ്ടിരുന്ന അമ്മ ആ കൈയോടെ ഓടി വന്ന് കെട്ടിപ്പിടിച്ച് നന്നായി വരും എന്നെല്ലാം പറഞ്ഞ് ഒരുപാട് ഉമ്മവെച്ചു. എന്നിട്ട് ചോദിച്ചു സിനിമയിൽ നല്ല തുടുത്തിട്ടാണല്ലോ, ഇപ്പോഴെന്താ ഇങ്ങനെ കരുവാളിച്ചിരിക്കുന്നത് എന്ന്. ഞാൻ പറഞ്ഞു മേയ്ക്കപ്പാണെന്ന്.'
'നിങ്ങളുടെ അച്ഛന്റെ വലിയ ഫാനാണ് അവരെന്ന് എന്നോട് പറഞ്ഞു. അരണ്‍മനൈക്കിളിയിലെ നിങ്ങളുടെ അച്ഛന്റെ പ്രകടനത്തെ അത്രയ്ക്കും ഇഷ്ടമായി എന്നും പറഞ്ഞു. ആകെ കൺഫ്യൂഷനിലായ ഞാൻ ചോദിച്ചു നിങ്ങളാരെക്കുറിച്ചാണ് പറയുന്നതെന്ന്. അവർ ഇങ്ങോട്ട് ചോദിച്ചു, നിങ്ങൾ അപ്പോൾ ശിവകുമാറിന്റെ മകനല്ലേ എന്നും, സഹോദരനും നടനല്ലേ എന്നും. ഞാൻ തിരിഞ്ഞുനോക്കുമ്പോൾ കൂടെവന്ന ഒറ്റയെണ്ണത്തിനെ കാണാനില്ല. ഞാൻ പറഞ്ഞു, ഞാൻ സൂര്യയുമല്ല ശിവകുമാർ സാറിന്റെ മകനുമല്ലെന്ന്. അപ്പോ നിന്റെ അച്ഛൻ എന്താണ് ചെയ്യുന്നതെന്ന് എന്നോടൊരു ചോദ്യം. മാട്ട് വ്യാപാരമാണെന്ന് ഞാനും പറഞ്ഞു. ഇവിടെയെന്താണ് ചെയ്യുന്നതെന്ന് പിന്നെയും ചോദ്യം. സിനിമയിൽ അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോൾ അകത്തുകയറി വീടിന്റെ വാതിലടച്ചു.' സൂരി പറഞ്ഞു.
വടചെന്നൈ എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടുതലൈ. രണ്ട് ഭാഗങ്ങളിലായിറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ട്രെയിലറാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. വിജയ് സേതുപതി, ഗൗതം മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങൾ. ഇളയരാജയാണ് സംഗീത സംവിധാനം.
Content Highlights: viduthalai part 1 trailer launch, actor soori funny speech
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..