മലയാള സിനിമയിലെ വനിത കൂട്ടായ്മയായ  ഡബ്ല്യുസിസിയുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി സംവിധായിക വിധു വിന്‍സെന്റ്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്നും  സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യുസിസി തുടർന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും വിധു ഫെയ്സ്ബുക്കിൽ കുറിച്ചു

വിധുവിന്റെ കുറിപ്പ് :

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്. പലപ്പോഴും ഡബ്ലുസിസിയുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.

Vidhu

ഡബ്ല്യുസിസി ആരംഭിച്ച അന്ന് മുതൽ സംഘടനയുടെ  നിലപാടുകള്‍ മാധ്യമങ്ങളിലേക്ക് എത്തിച്ചിരുന്നത് വിധു വിന്‍സെന്റ് ആയിരുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ സിനിമ രംഗത്തെ സ്​ത്രീകളുടെ സുരക്ഷക്കും അവകാശങ്ങൾക്കും വേണ്ടി 2017-ലാണ് ഡബ്ല്യുസിസി രൂപീകരിക്കുന്നത്.  

Content Highlights : Vidhu vincent quits from Women In Cinema Collective WCC Malayalam Cinema