പഠാൻ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/yrf
അഹമ്മദാബാദ്: ഷാരൂഖ് ഖാനും ദീപികാ പദുക്കോണും മുഖ്യവേഷങ്ങളിലെത്തുന്ന പഠാൻ സിനിമ ഗുജറാത്തിലും റിലീസ് ചെയ്യും. സംസ്ഥാനത്ത് സിനിമ റിലീസ് ചെയ്യുന്നതിനെതിരെ നടത്തിവന്ന പ്രതിഷേധ പരിപാടികൾ വി.എച്ച്.പിയും ബജ്റംഗ് ദളും അവസാനിപ്പിച്ചതിനേ തുടർന്നാണിത്. ബുധനാഴ്ച സിനിമ റിലീസ് ചെയ്യാനിരിക്കേയാണ് ഈ നിലപാട് മാറ്റം.
സിനിമയിൽ സെൻസർ ബോർഡ് നടത്തിയ ഇടപെടലുകൾ തൃപ്തികരമാണെന്ന് ഗുജറാത്ത് വി.എച്ച്.പി സെക്രട്ടറി അശോക് റാവൽ പ്രസ്താവനയിൽ വ്യക്തമാക്കി. ബജ്റംഗ് ദളിന്റെ പ്രതിഷേധങ്ങളേത്തുടർന്ന് സെൻസർ ബോർഡ് വിവാദമായ ഗാനവും മറ്റുചില രംഗങ്ങളും വീണ്ടും പരിശോധിച്ചു. അതൊരു നല്ല വാർത്തയാണ്. ഇനി സിനിമ കാണണമോ എന്ന് തീരുമാനിക്കേണ്ടത് പ്രബുദ്ധരായ പൗരന്മാരാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഗാനങ്ങളും നിറവും വസ്ത്രവുമെല്ലാം പരിഗണിച്ചാണ് ചിത്രത്തിൽ സെൻസർ ബോർഡ് കത്രിക വെച്ചതെന്നാണ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് റാവൽ പ്രതികരിച്ചത്.
രാജ്യത്തൊരിടത്തും പഠാൻ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നായിരുന്നു വിഎച്ച്പി നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ സിനിമകളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്കെതിരെ ബിജെപി നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനമുന്നയിച്ചിരുന്നു. അത്തരം കാര്യങ്ങളിൽ നിന്ന് എല്ലാവരും അകന്നുനിൽക്കണം. സിനിമകളേക്കുറിച്ചും വ്യക്തികളേക്കുറിച്ചുമുള്ള ചർച്ചകൾ പാർട്ടിയുടെ കഠിനാധ്വാനത്തിന് മേൽ കരിനിഴൽ വീഴ്ത്തുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ താക്കീത്.
അതേസമയം 'പഠാനി'ൽ സെൻസർ ബോർഡ് നടത്തിയ വെട്ടിത്തിരുത്തലുകൾക്കെതിരേ വ്യാപക വിമർശനമാണ് ഉയർന്നിട്ടുള്ളത്. ചിത്രത്തിൽ പന്ത്രണ്ടു കട്ടുകളും സംഭാഷണങ്ങളിൽ മാറ്റവും നിർദ്ദേശിച്ചുകൊണ്ടുള്ള സെൻസർ ബോർഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് വിമർശനങ്ങൾ ശക്തമായത്. മാറ്റങ്ങൾ വരുത്തിയ ശേഷമാണ് ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചത്.
സിദ്ധാർഥ് ആനന്ദാണ് 'പഠാൻ' സംവിധാനം ചെയ്യുന്നത്. ജോൺ എബ്രഹാമാണ് ചിത്രത്തിൽ വില്ലൻ. ജനുവരി 25-ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.
Content Highlights: VHP withdraws protest against Shah Rukh Khan’s Pathaan, Deepika Padukone Controversial Song
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..