മിതാഭ് ബച്ചനും ഷാരുഖ് ഖാനും മമ്മൂട്ടിയും മോഹന്‍ലാലും കരിന കപൂറും അനുഷ്‌കാ ഷെട്ടിയുമൊക്കെ നിറയാറുള്ള സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാസികയിലേക്ക് ഒരു ഫോട്ടോ ഷൂട്ട്'.

ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമാവും, അല്ലെങ്കില്‍ അപൂര്‍വമാവും നൂറിലധികം മലയാള സിനിമയില്‍ വേഷമിട്ടൊരു നടന്‍ ഒരു ഫോട്ടോ ഷൂട്ടിനായി നൂറു രൂപ മാത്രം വില വരുന്ന നിറം മങ്ങിയ കൈലിയുമായി ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത്. ഇട്ടിരിക്കുന്ന ഷര്‍ട്ടും അതുപോലെ തന്നെ സാധാരണ ഒന്ന്. കണ്ടതേ ഞാനൊന്നു നടുങ്ങി. ചിത്രമെടുക്കേണ്ടുന്നത് സ്റ്റാര്‍ ആന്‍ഡ് സ്റ്റെല്‍ മാസികയിലേക്കാണ്. തൃശ്ശൂര്‍ക്കാരന്‍ പ്രകാശന്‍ വെറുമൊരു നടനല്ല. നൂറോളം മലയാള സിനിമകളില്‍ വേഷമിട്ട വെട്ടുക്കിളി പ്രകാശാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ ശ്രീജയുടെ അച്ഛനായി വന്ന് കൈയടി വാങ്ങിയ നടന്‍. അദ്ദേഹത്തിന്റെ ഫോട്ടോഷൂട്ട് വേണമെന്ന് പറഞ്ഞ് ചുമതലപ്പെടുത്തുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നാറുണ്ട്. ചിത്രങ്ങള്‍ മികച്ച ക്വാളിറ്റി പേപ്പറില്‍ വലിപ്പത്തില്‍ അടിച്ചുവരുമെന്നത് തന്നെ കാര്യം'. ബൈലൈന്‍ കിട്ടുന്നതിലെ സന്തോഷവും.

പ്രകാശേട്ടനെ കണ്ടപ്പോള്‍ എന്റെ എല്ലാ സന്തോഷവും പമ്പ കടന്നു. 'കൈലിയും നരച്ച ഷര്‍ട്ടും'. തലേദിവസം ഫോട്ടോ ഷൂട്ടിനുള്ള സമയം ഫോണില്‍ പറഞ്ഞുറപ്പിക്കുമ്പോള്‍ 'ഞാന്‍ പ്രകാശേട്ടനോട് പറഞ്ഞത് ഇത്രമാത്രം: 'നിങ്ങള്‍ എങ്ങിനെയാണോ നിങ്ങളുടെ ഫോട്ടോ അച്ചടിച്ചു വരാന്‍ ആഗ്രഹിക്കുന്നത് അങ്ങിനെ വന്നോളുട്ടോ'. സത്യത്തില്‍ അതൊരു മുന്‍കൂര്‍ ജാമ്യമാണ്. ഡ്രസ്സ് മോശമായാലും റിസ്‌ക്ക് അവരുടേതാകുമല്ലോ. സൈക്കിളില്‍ നഗരത്തിലൂടെ വലിച്ചു വിട്ടു പോകുന്ന പ്രകാശേട്ടനെ ഞാന്‍ കാണാറുണ്ട്. ആ സൈക്കിള്‍ അദ്ദേഹത്തിന്റെ ഐഡന്റിറ്റിയാണ് അതിനാല്‍ത്തന്നെ അത്തരമൊരു ചിത്രം ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു സൈക്കിള്‍ ചവിട്ടി പാടവരമ്പിലൂടെ വരുന്ന പ്രകാശേട്ടന്‍'. അതിനായി സൈക്കിളുമായി ലാലൂര്‍ പാടത്ത് കാണാമെന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചത്. ആ പ്രകാശന്‍ ഇങ്ങനെ കൈലി ഉടുത്തു വരുമെന്ന് എങ്ങിനെ കരുതാന്‍. കുറെ അകലെയുള്ള വീട്ടിലേക്ക് മാറി വരാന്‍ പറഞ്ഞയക്കാന്‍ മടി.

vettukili praksh

വളഞ്ഞ വഴി ഒന്നു നോക്കി. 'പ്രകാശേട്ടാ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിലേക്കാണ് ഷാരുഖ് ഖാന്‍ ഒക്കെ ശ്രദ്ധിക്കുന്ന മാഗസിന്‍. 'അയിനെന്താ ലാലൂര്‍ പാടത്ത് സൈക്കിള്‍ ചവിട്ടാന്‍ ഇതൊക്കെ പോരെ'? ഒറ്റ വാചകത്തില്‍ എനിക്ക് ക്ലിപ്പിട്ടു. പ്രേക്ഷകര്‍ക്കോ വായനക്കാര്‍ക്കോ അറിയാത്ത നടനല്ലാത്ത മനുഷ്യന്‍ പ്രകാശനെ എനിക്കറിയാം ആര്‍ക്ക്ലൈറ്റുകളുടെ വെള്ളി വെളിച്ചമില്ലാതെ കൂട്ടുകാര്‍ക്കൊപ്പം വെല്‍ഡിംഗ് പണിക്ക് പോകുന്ന ലാലൂര്‍ അമ്പലമുറ്റത്ത് പുല്ലു ചെത്തുന്ന, ടൈലുപണിക്കും എല്‍ഐസി ഏജന്റായും നാട്ടിലെ കല്യാണങ്ങള്‍ക്ക് ദേഹണ്ഡപുരയില്‍ അധ്വാനിക്കുന്ന നടനല്ലാത്തൊരു മനുഷ്യന്‍ പ്രകാശന്‍ ഉണ്ട്. അയാളെ എനിക്കറിയാം ലാലൂരുകാര്‍ക്കുമറിയാം നടന്‍ പ്രകാശിനെ പരിചയമുള്ളവര്‍ക്ക് അതറിയില്ലല്ലോ.

ഒടുവില്‍ ഞാനാ റിസ്‌ക് എടുക്കാന്‍ തീരുമാനിച്ചു വേണ്ടി വന്നാല്‍ മാറ്റി എടുക്കാമെന്നുറപ്പിച്ചു തന്നെ അപ്പോഴാണ് പ്ലാന്‍ ചെയ്ത ലൊക്കേഷനില്‍ വെള്ളം മൂടി കിടപ്പാണ് മുട്ടറ്റം വെള്ളത്തില്‍ നീന്തണം'. പക്ഷെ നടന്‍ എനിക്ക് മുന്നേ നീന്തുമ്പോള്‍ എനിക്ക് മാറി നില്‍ക്കാനാകുമോ ഞാനും നീന്തി. ഒരു നടനിലെ മനുഷ്യനെ ഞാന്‍ കൂടുതല്‍ അറിയുകയായിരുന്നു'. പ്രകാശ് ഒരു വെറും നടനല്ല അസാധാരണത്വമുള്ള മനുഷ്യന്‍. അഭിനയത്തിനായി കുടുംബം വരെ ഉപേക്ഷിച്ചവന്‍. വീട്ടുകാരറിയാതെ അഭിനയം പഠിക്കാന്‍ ഒളിച്ചുപോയി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നവന്‍. അഭിനയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ട് ആ മനുഷ്യന്. നല്ല നടന്‍ നല്ല മനുഷ്യനാവണമെന്ന് ഉറപ്പിക്കുന്നുണ്ടയാള്‍. അവസരങ്ങള്‍ തേടി അലയാഞ്ഞിട്ടും ഒരു ഫോണ്‍ കോള്‍ പോലും ചെയ്യാഞ്ഞിട്ടും സിനിമകള്‍ നൂറിലേറെയുണ്ട്. നാടകവും അത്രത്തോളം വരും'. ആ ആത്മവിശ്വാസത്തിന് ഹൃദയത്തിന്റെ ക്യാമറയുടെ സല്യൂട്ട് പ്രകാശേട്ടാ നിങ്ങളൊരസാധ്യ മനുഷ്യനാണ്.