ജയ് ഭീം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടൻ സൂര്യയെ പിന്തുണച്ച് സംവിധായകൻ വെട്രിമാരൻ. ചിത്രത്തിൽ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വണ്ണിയാർ സംഘം ചിത്രത്തിന്റെ നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകൻ ടി.ജെ. ‍ജ്ഞാനവേലിനും കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. രാജാകണ്ണിനെ പീഡിപ്പിക്കുന്ന പൊലീസുകാരന്റെ കഥാപാത്രത്തെ മനഃപൂർവം വണ്ണിയാർ ജാതിയിൽ പെട്ടയാളാക്കി അവതരിപ്പിച്ചുവെന്നാണ് ആക്ഷേപം.

തുടർന്നാണ് സൂര്യയ്ക്കും  ജ്ഞാനവേലിനും പിന്തുണയുമായി വെട്രിമാരൻ രം​ഗത്ത് വന്നത്. ശരിയായ കാര്യം ചെയ്യുന്നതിന്റെ പേരിൽ ആരെയും താഴ്ത്തിക്കെട്ടാൻ കഴിയില്ലെന്ന് വെട്രിമാരൻ പറഞ്ഞു. താരപദവിയെ പുനർനിർവചിക്കുന്ന നടനാണ് സൂര്യയെന്നും അദ്ദേഹത്തോടൊപ്പം നിൽക്കുന്നുവെന്നും വെട്രിമാരൻ വ്യക്തമാക്കി. 

ഇരകളുടെ അവസ്ഥ ലോകത്തെ അറിയിക്കുന്നതിനായി സിനിമ ചെയ്യാനുള്ള സംവിധായകൻ ജ്ഞാനവേലിന്റെ സാമൂഹ്യ പ്രതിബദ്ധതയും സാമൂഹിക നീതിക്കുവേണ്ടിയുള്ള സ്‌ക്രീനിലും പുറത്തും സൂര്യ നടത്തുന്ന നിരന്തര പരിശ്രമവും ശരിക്കും പ്രചോദനമാണ്. നിലവിലെ അവസ്ഥ മാറാൻ ആഗ്രഹിക്കാത്തവരിൽ ഇങ്ങനെയുള്ള സിനിമകൾ അസ്വസ്ഥതയുണ്ടാക്കുന്നത് സ്വാഭാവികമാണ്.  അസമത്വങ്ങളെയും അനീതികളെയും ചോദ്യം ചെയ്യുന്ന സിനിമകളും സാമൂഹ്യനീതിക്കുള്ള ആയുധങ്ങളാണ്. സൂര്യയ്ക്കൊപ്പവും ജയ് ഭീമിന്റെ മുഴുവൻ ടീമിനൊപ്പം ഞങ്ങൾ നിലകൊള്ളുന്നു- വെട്രിമാരൻ വ്യക്തമാക്കി.

നവംബർ 2-ന് ആമസോൺ പ്രെെമിലൂടെ റിലീസ് ചെയ്ത ജയ് ഭീം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ആദിവാസി വിഭാ​ഗത്തിൽപ്പെട്ടവർ കാലാകാലങ്ങളായി സമൂഹത്തിൽ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ ചോദ്യം ചെയ്യുകയാണ് ജയ് ഭീം. ലിജോമോളാണ് ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, രജിഷ വിജയൻ,  മണികണ്ഠൻ, റാവു രമേഷ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.

Content Highlights: Vetrimaaran Director supports actor Suriya on Jai Bhim Movie Controversy