ഹൈദരാബാദ്: മുതിര്‍ന്ന ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് (67) കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

ആന്ധ്രയിലെ ശ്രീകുളത്ത് ജനിച്ച ജി ആനന്ദ് പാണ്ഡണ്ടി കാപ്പുറം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അമേരിക്കാ അമ്മായി, ആമേ കാത, കല്‍പ്പന, ധന വീര, ബംഗാരക്ക, പ്രാണം ഖാരീദു തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. പിന്നണി ഗാനരംഗത്ത് നിന്ന് പിന്നീട് സംഗീത സംവിധാനത്തിലും അദ്ദേഹം തിളങ്ങി. ഗാന്ധിനഗര്‍ രേവണ്ട വീതി, രംഗവല്ലി തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 

കോവിഡ് ബാധിച്ച് സിനിമാലോകത്തെ ഏഴാമത്തെ മരണമാണ് 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നടന്‍ പാണ്ഡു, ബോളിവുഡ്  എഡിറ്റര്‍ അജയ് ശര്‍മ, ഗായകന്‍ കോമങ്കന്‍, നടി അഭിലാഷ പാട്ടീല്‍, നടി ശ്രീപ്രദ, എന്നിവരും കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് മരിച്ചത്.

Content Highlights: Veteran singer Music Director G Anand passes away due to Covid-19