ഹൈദരാബാദ്: പ്രശസ്ത കൊറിയോ​ഗ്രാഫർ ശിവശങ്കര്‍ (72) മാസ്റ്റര്‍ അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ‌ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. 

നവംബർ ആദ്യ വാരമാണ് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മാസ്റ്ററിന്റെ ആശുപത്രി ചെലവുകള്‍ നടന്‍മാരായ സോനൂ സൂദും ധനുഷും ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ മൂത്ത മകനും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 

അസിസ്റ്റന്റ് കോറിയോ​ഗ്രാഫറായാണ് ശിവശങ്കർ സിനിമയിലെത്തുന്നത്. കുരുവിക്കൂട്, സട്ടൈ ഇല്ലാത്ത പമ്പരം, മൺ വാസനൈ തുടങ്ങിയ ചിത്രങ്ങളിലൂടെ നൃത്തസംവിധായകനായി. എണ്ണൂറോളം സിനിമകള്‍ക്ക് അദ്ദേഹം നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്.

തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്‍മദരാസ, എസ്എസ് രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ, ധീരാ, അരുന്ധതി, സൂര്യവംശം തുടങ്ങി നിരവധി ചിത്രങ്ങളിലെ ഹിറ്റ്ഗാനങ്ങള്‍ക്ക് നൃത്ത സംവിധാനമൊരുക്കിയത് മാസ്റ്ററായിരുന്നു.

മ​ഗധീരയിലെ നൃത്തസംവിധാനത്തിന് ആ വർഷത്തെ ദേശീയ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് ശിവശങ്കർ

Content Highlights : Veteran choreographer Shiva Shankar passes away due to Covid 19 complications