വിക്രം ഗോഖലെ
ന്യൂഡല്‍ഹി: പ്രശസ്ത സിനിമ-ടെലിവിഷന്‍-തീയേറ്റര്‍ താരം വിക്രം ഗോഖലെ (77) അന്തരിച്ചു. ഗുരുതരആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം സംഭവിച്ചത്. വെന്റിലേറ്ററില്‍ തുടരുന്ന ഗോഖലെയുടെ ആരോഗ്യനില വഷളാകുന്നതായി ദീനനാഥ് മങ്കേഷ്കര്‍ ആശുപത്രി അധികൃതര്‍ ശനിയാഴ്ച രാവിലെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മറാഠി നാടകങ്ങളിലൂടെ അഭിനയലോകത്തെത്തിയ വിക്രം ഗോഖലെ ഹിന്ദി, മറാഠി സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും നിരവധി ആരാധകരെ നേടി. അഗ്നീപഥ്, ഭൂല്‍ ഭുലയ്യ, ഹം ദില്‍ ദേ ചുകെ സനം, മിഷന് മംഗള്‍ എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അനുമതി എന്ന മറാഠി ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയിരുന്നു. മറാഠി ചിത്രമായ ഗോദാവരിയാണ് റിലീസായ ഏറ്റവും പുതിയ ചിത്രം.
പ്രശസ്ത മറാഠി നാടക അഭിനേതാവ് ചന്ദ്രകാന്ത ഗോഖലെയുടെ മകനാണ് വിക്രം ഗോഖലെ. വിക്രം ഗോഖലെയുടെ മുതുമുത്തശ്ശി ദുര്‍ഗാബായി കാമത്ത് ഇന്ത്യന്‍ തിരശീലയിലെ ആദ്യ അഭിനേത്രിയാണ്. കൂടാതെ ഗോഖലെയുടെ മുത്തശ്ശി കമലാഭായി ഗോഖലെ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ആദ്യ ബാലതാരമാണ്. സാമൂഹിക പ്രവര്ത്തകന് കൂടിയായിരുന്ന ഗോഖലെയുടെ കുടുംബത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഫൗണ്ടേഷന് അംഗവൈകല്യം വന്ന സൈനികര്‍ക്കും കുഷ്ഠരോഗികളുടെ കുഞ്ഞുങ്ങള്‍ക്കും സാമ്പത്തിക സഹായം നല്കിവരുന്നു. അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും സ്ഥാപനം വഹിക്കുന്നുണ്ട്.
പുണെയിലെ ബാല്‍ ഗന്ധര്‍വ ഓഡിറ്റോറിയത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും. ശനിയാഴ്ച വൈകുന്നേരം വൈകുണ്ഡ് ശ്മശാനത്തില്‍ അന്തിമസംസ്കാരച്ചടങ്ങുകള്‍ നടക്കുമെന്ന് കുടുംബസുഹൃത്ത് അറിയിച്ചു.
Content Highlights: Veteran actor Vikram Gokhale passes away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..