'വെള്ളരി പട്ടണം' പോസ്റ്റർ | photo: special arrangements
'വെള്ളരി പട്ടണം' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ പുതുമയാര്‍ന്ന കത്ത് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ബൈക്ക് ഓടിക്കാന്‍ ലൈസന്‍സ് നേടിയ മഞ്ജു വാര്യര്‍ക്കുള്ള 'വെള്ളരി പട്ടണ'ത്തിലെ നായിക കെ.പി.സുനന്ദയുടെ അഭിനന്ദനക്കത്താണിത്.
താന്‍ സ്കൂട്ടര്‍ പഠിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ധൈര്യമുള്ളതിനാല്‍ മഞ്ജുവിന് ഇതൊക്കെ നിസ്സാരമായിരിക്കുമെന്നും ചക്കരക്കുടം പഞ്ചായത്ത് അഞ്ചാംവാര്‍ഡ് മെമ്പറായ സുനന്ദ കത്തില്‍ പറയുന്നു. സ്കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിച്ചതിന് സ്ഥിരമായി കാശുമേടിക്കുന്ന തന്റെ 'സഹോദരനാശാന്' കെ.പി.സുരേഷിന് ഒരു 'കുത്തും' സുനന്ദയുടെ കത്തിലുണ്ട്.
തിങ്കളാഴ്ചയാണ് മഞ്ജു വാര്യര്‍ ബൈക്ക് ഓടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്.
മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയറാണ് ചിത്രം.
സുനന്ദയുടെ കത്ത് ഇങ്ങനെയാണ്
എത്രയും പ്രിയപ്പെട്ട മഞ്ജുവാര്യര്‍,
ബൈക്കോടിക്കുവാനുള്ള ലൈസന്‍സ് എടുത്തെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം. അഭിനന്ദനങ്ങള്‍! ഹോ..ഞാനൊക്കെ ഒരു ലൈസന്‍സ് എടുക്കാന്‍ പെട്ട പാട് എനിക്കറിയാം. പിന്നെ എന്റെ ആശാന് കെ.പി.സുരേഷ് ആയിരുന്നല്ലോ. അതിന്റെ പേരിലുള്ള കണക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ല. (ഇന്നലെയും 500 രൂപ മേടിച്ചോണ്ട് പോയി.)
മഞ്ജുവിന് പഠനവും ലൈസന്‍സ് എടുക്കലും ധൈര്യമുള്ളതുകൊണ്ട് ഈസി ആയിരുന്നു എന്നറിയാം. ഞാനിപ്പോഴും ആ പഴയസ്കൂട്ടറില്‍ പാല്‍പാത്രവും വച്ചുകെട്ടി ഇവിടൊക്കെ കറങ്ങി നടക്കുന്നുണ്ട്. പുതിയ ബി.എം.ഡബ്ല്യു ബൈക്ക് മേടിക്കുമ്പോള്‍ നമ്മുടെ പഞ്ചായത്ത് വഴി വരണേ. ഇവിടെ ഹരിതകര്‍മസേനക്കാരും തൊഴിലുറപ്പ് ചേച്ചിമാരും സെല്‍ഫി എടുക്കാന്‍ കാത്തിരിക്കുയാണ്. എന്റെ കഥ തിയറ്ററില്‍ വരുമ്പോള്‍ കാണാന്‍ മറക്കരുതേ. ചിരിവരും. ഉറപ്പ്. അയല്‍ക്കൂട്ടത്തിന്റെ ഒരു മീറ്റിങ് ഉണ്ട്. തത്കാലം നിര്‍ത്തുന്നു.
ജയ്ഹിന്ദ്.
സ്നേഹത്തോടെ, കെ.പി.സുനന്ദ
.png?$p=83deaf4&&q=0.8)
മഞ്ജുവാര്യര്‍ കെ.പി.സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ.പി.സുരേഷ് ആയി സൗബിന് ഷാഹിര്‍ എത്തുന്നു. സലിംകുമാര്‍, സുരേഷ്കൃഷ്ണ, കൃഷ്ണശങ്കര്, ശബരീഷ് വര്‍മ, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
അലക്സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -കെ.ആര്.മണി. എഡിറ്റിങ് -അപ്പു എന്‍. ഭട്ടതിരി. കലാസംവിധാനം -ജ്യോതിഷ് ശങ്കര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ -ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്.ഒ. -എ.എസ്. ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് -വൈശാഖ് സി.വടക്കേവീട്.
Content Highlights: vellarikka pattanam movie crew writes a letter to manju warrier
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..