ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. കണ്ണൂരിലെ മുഴുക്കുടിയനായ മുരളിയെന്ന വ്യക്തിയുടെ യഥാർത്ഥ ജീവിത കഥയാണ് വെള്ളം ചിത്രം പറയുന്നത്. ഈ മുരളിയെ ഓർത്തെടുക്കുകയാണ് കണ്ണൂർ അസിസ്റ്റൻറ് കമ്മീഷണർ സദാനന്ദൻ പി പി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

പത്തിരുപത് വർഷം മുമ്പ് തളിപ്പറമ്പ് എസ്.ഐ ആയിരുന്ന കാലത്ത് അവിടെ മദ്യപിച്ച്, തീയേറ്ററിലും മറ്റും അടിയുണ്ടാക്കുന്ന നിരന്തരം പോലീസിന് ശല്യമുണ്ടാക്കുന്ന ഒരു മുരളിയുണ്ടായിരുന്നു. എപ്പോഴും മദ്യപിച്ച അവസ്ഥയിലായിരുന്നു. സ്വന്തം വീട്ടിൽ നിന്ന് സ്വർണമൊക്കെ എടുത്തുകൊണ്ടു പോയി വിറ്റ് മദ്യപിക്കും. തീയേറ്ററാണ് പുള്ളിയുടെ വിഹാരര കേന്ദ്രം, മോഹൻലാലിന്റെ കടുത്ത ആരാധകനാണ്. സിനിമ റിലീസ് ചെയ്യുന്ന ദിവസമൊക്കെ മുരളിയുടെ അടി പ്രതീക്ഷിക്കാം.

ന്യൂ ഇയർ പോലുള്ള വിശേഷ ദിവസങ്ങളിൽ മുൻകൂട്ടി മുരളിയെ പിടിച്ചു വയ്ക്കേണ്ട അവസ്ഥയാണ്. അങ്ങനെ ഒരിക്കൽ മുരളിയുടെ അച്ഛൻ തന്നെ പരാതിയുമായി എന്റെ അടുത്ത വന്നപ്പോൾ എല്ലാ ദിവസവും മുരളിയോട് പോലീസ് സ്റ്റേഷനിലെത്തി ഒപ്പ് ഇടണമെന്ന് അറിയിച്ചു. ഒപ്പൊക്കെ ഇടും അത് കഴിഞ്ഞ് വീണ്ടും പോയി അടിയുണ്ടാക്കും.

അങ്ങനെ ശല്യം ഏറി വന്നപ്പോൾ ഒരു ദിവസം വളരെയേറെ സമയമെടുത്ത് രണ്ട് മൂന്ന് മണിക്കൂറോളം ഞാൻ മുരളിയോട് സംസാരിച്ചു. കുറേ ഉപദേശിച്ചു. അങ്ങനെ മുരളി എന്റെ വാക്കുകൾ കേൾക്കാൻ തുടങ്ങി, അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നത് എനിക്ക് അനുഭവപ്പെട്ടു. വളരെയേറെ നിശ്ചയദാർഢ്യത്തോട് കൂടി മുരളി എന്നോട് പറഞ്ഞു, ഇനി നിങ്ങൾക്ക് ഞാനൊരു ശല്യക്കാരനാകില്ല. പിന്നെ മുരളിയെക്കുറിച്ച് കേട്ടിട്ടില്ല, തളിപ്പറമ്പിൽ അങ്ങനെയൊരു മുരളി ഉണ്ടായിട്ടില്ല.

പിന്നീട് ഇരുപത് വർഷങ്ങൾക്ക് ഞാൻ കണ്ണൂർ ഡിവൈഎസ്പി ആയിരിക്കെ ഒരു ദിവസം സുന്ദരനായ ചെറുപ്പക്കാരൻ എന്റെ മുറിയിലേക്ക് കടന്നു വന്നു, സർ എന്നെ അറിയുമോയെന്ന് ചോദിച്ചു. എനിക്കറിയില്ലെന്ന് ഞാൻ മറുപടി നൽകിയപ്പോൾ അയാൾ പറഞ്ഞു ഞാൻ തളിപ്പറമ്പിലുള്ള മുരളിയാണെന്ന്. ആളാകെ മാറിപ്പോയിരുന്നു. വലിയ ബിസിനസുകാരനായി. തളിപറമ്പിൽ സ്ഥിരം മദ്യപാനിയായി നടന്ന മുരളി ഇന്നത്തെ നിലയിലെത്തിയ കഥ മുഴുവൻ എന്നോട് സമയമെടുത്ത് പറഞ്ഞു. ഏതൊരു സിനിമാ കഥയെയും വെല്ലുന്ന സംഭവങ്ങൾ അതിന് പിന്നിലുണ്ടായിരുന്നു. ആ കഥ വെള്ളമെന്ന പേരിൽ ഇപ്പോൾ സിനിമയായിരിക്കുന്നു.

Content Highlights : Vellam Movie Jayasurya Prajesh Sen Real Life Story Of Alcoholic Murali