ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആരംഭിച്ച പ്രഥമ ബ്രിക്സ് ചലച്ചിത്രമേളയില്‍ ജയരാജിന്റെ 'വീരം' ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിച്ചു. ഷേക്സ്പിയറിന്റെ വിഖ്യാത നാടകമായ മാക്ബത്തിനെ അടിസ്ഥാനമാക്കിയെടുത്ത ചിത്രത്തിന് ചലച്ചിത്രമേളയില്‍ അവസരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ജയരാജ് പറഞ്ഞു. ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം 'മാതൃഭൂമി'യോട് പറഞ്ഞു. സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ഈമാസം ആറ് വരെയാണ് ചലച്ചിത്രമേള.

ഭാഷ അറിയാത്തത് അഭിനയത്തിന് തടസ്സമായില്ലെന്ന് ചിത്രത്തിലെ നായകന്‍ കുനാല്‍ കപൂര്‍ പറഞ്ഞു. ചന്തു എന്നാ നെഗറ്റീവ് പ്രതിച്ഛായയുള്ള നായക  കഥാപാത്രത്തെ താന്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും കുനാല്‍ പറഞ്ഞു. ഡിവിനാ ഠാക്കൂറാണ് ചിത്രത്തിലെ നായിക. 

നവരസങ്ങളുടെ പരമ്പരയില്‍ സ്നേഹം, ശാന്തം, കരുണം, അത്ഭുതം എന്നിവക്ക് ശേഷം ജയരാജ് ഒരുക്കുന്ന ചിത്രമാണ് വീരം. ഷേക്സ്പിയറിന്റെ നോവലുകളെ ആസ്പദമാക്കി തയ്യാറാക്കുന്ന മൂന്നാമത്തെ ചിത്രവും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ തയ്യാറാക്കുന്ന വീരം ഈ വര്‍ഷം തന്നെ തമിഴിലും തെലുങ്കിലും പുറത്തിറങ്ങും. ഇതോടൊപ്പം ചൈനീസ്, ജാപ്പനീസ് ഭാഷകളില്‍ ഡബ്ബ് ചെയ്യാനും ആലോചനയുണ്ട്. 

ആയോധനകലയായ കളരിയെ വീരത്തിലൂടെ ആധികാരികമായും ശാസ്ത്രീയമായും ചിത്രീകരിക്കാനാണ് ജയരാജ് ശ്രമിച്ചത്. നായകനുള്‍പ്പെടെ പ്രധാന താരങ്ങളെല്ലാം കളരി പരിശീലിച്ചിരുന്നു. കളരി അഭ്യസിക്കാനും ചെയ്യാനും സാധിക്കുന്ന അഭിനേതാക്കളെ കൂടിയാണ് കഥാപാത്രങ്ങളാക്കിയത്. ചിത്രത്തില്‍ ആരോമല്‍ ചേകവരാകുന്നത് ശിവജിത്ത് ആണ്. 
ചന്ദ്രകലാ ആര്‍ട്ട്സിന്റെ ബാനറില്‍ ചന്ദ്രമോഹന്‍ പിള്ളയും പ്രദീപ് രാജനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എല്ലോറാ ഗുഹകള്‍, ഔറംഗബാദ്, ആഗ്ര, ഫത്തേപൂര്‍ സിക്രി എന്നിവിടങ്ങളിയാണ് ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്.