സംവിധായകന്‍ ജയരാജിന്റെ പുതിയ ചിത്രം'വീരം' പ്രഥമ ബ്രിക്സ് ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കുന്നു. സപ്തംബര്‍ 2 മുതല്‍ 6 വരെ ഡല്‍ഹിയിലെ സിരി ഫോര്‍ട്ടില്‍ വെച്ചാണ് ബ്രിക്സ് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നത്. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തിനെ മലയാളീകരിക്കുന്ന വീരത്തില്‍ ബോളിവുഡ് താരം കുനാല്‍ കപൂറാണ് ചന്തു എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

Kunal Kapoor
കുനാല്‍ കപൂര്‍

രംഗ്ദെ ബസന്തി എന്ന ആമിര്‍ ഖാന്‍ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് കുനാല്‍. നവരസങ്ങളെ ആസ്പദമാക്കി ജയരാജ് ഒരുക്കിയ ചലച്ചിത്രപരമ്പരയില്‍ ഇതിന് മുന്‍പ് സ്നേഹം, ശാന്തം, കരുണം, അത്ഭുതം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അഞ്ചാമത്തെ ചിത്രമാണ് വീരം. അതോടൊപ്പം തന്നെ വില്യം ഷേക്സ്പിയറിന്റെ കൃതികളെ ആസ്പദമാക്കി തയ്യാറാക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ തയ്യാറാക്കുന്ന വീരം ഈ വര്‍ഷം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും. തമിഴിലും തെലുങ്കിലും ചിത്രം ഡബ്ബ് ചെയ്തിറക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ചന്ദ്രകലാ ആര്‍ട്ട്സിന്റെ  ബാനറില്‍ ചന്ദ്രമോഹന്‍  പിള്ളയും പ്രദീപ് രാജനും ചേര്‍ന്നാണ്  ഈ ബിഗ്ബജറ്റ് ചിത്രം നിര്‍മ്മിച്ചത്. ഔറംഗാബാദിലെ എല്ലോറാ ഗുഹകളിലാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. 

13-ാം നൂറ്റാണ്ടിലെ വീരേതിഹാസ പ്രതിനായകനായ ചന്തുവിന്റെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം. വടക്കന്‍പാട്ടുകളിലെ നായകന്‍ കഥാപാത്രമാണ് ഈ ചന്തു. ഷേക്സ്പിയറുടെ മാക്ബത്തിലെ പോലെ  ചതിയുടെ ഫലമായ ദുരന്ത പര്യയവസായിയാണ് ഈ ചിത്രവും. മുഖ്യ കഥാപാത്രത്തിന്റെ ആര്‍ത്തി,അതിമോഹം,ദ്രോഹം,വഞ്ചന ഇതിനെ ചുറ്റി പറ്റിയാണ് ഈ ചിത്രം. 

ഹോളിവുഡില്‍ നിന്നുള്ള പ്രഗത്ഭര്‍ ഈ ചിത്രത്തിന്റെ അണിയറയില്‍ പങ്കാളികളാണ്. 300,ഹങ്കര്‍ ഗെയിംസ്, അവതാര്‍, ലോര്‍ഡ് ഓഫ് ദ റിങ്സ് തുടങ്ങിയ ഹോളിവുഡ്ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫറായിരുന്ന അലന്‍ പോപ്പ്ള്‍ടണ്‍ ആണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഓസ്‌കര്‍ പുരസ്‌കാരജേതാവായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ട്രഫര്‍ പ്രൗഡ് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാണ്. ഫാന്റം, ട്രാഫിക്, പ്രിന്‍സ് ഓഫ് ഈജിപ്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ ജെഫ് റോണ്‍ ആണ് വീരത്തിന്റെ സംഗീത സംവിധായകന്‍. ടൈറ്റാനിക്, സ്പൈഡര്‍മാന്‍ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിഷ്വല്‍ ഇഫക്ററ് കംമ്പോസറും കളറിസ്റ്റുമായ ജെഫ് ഓമും വീരത്തിന്റെ ഭാഗമാണ്.