കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് 'വഴുതന' എന്ന ഹ്രസ്വചിത്രം. രചന നാരായണന്‍കുട്ടി, ജയകുമാര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലക്‌സ് സംവിധാനം ചെയ്ത വഴുതനങ്ങ ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവര്‍ക്ക് നേരെയുള്ള പരിഹാസമായാണ് ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ ഈ പ്രമേയം അവതരിപ്പിക്കാനായി ചിത്രത്തില്‍ അമിതമായി ലൈംഗികച്ചുവയുള്ള ഭാവപ്രകടനങ്ങളും മറ്റും ഉള്‍പ്പെടുത്തി എന്ന പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നേരെ ഉയരുന്നത്. അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് ടീസര്‍ പുറത്തിറക്കിയതും വെറും കച്ചവട തന്ത്രമാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇപ്പോള്‍ ഈ ആരോപണങ്ങളെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ച് മാതൃഭൂമി ഡോട് കോമിനോട് പ്രതികരിക്കുകയാണ് ഹ്രസ്വചിത്രം ഒരുക്കിയ അലക്‌സ്.

അലക്‌സിന്റെ വാക്കുകള്‍ 

സ്ത്രീപക്ഷ സിനിമകള്‍ ഇഷ്ടപെടുന്ന ആളാണ് ഞാന്‍. മുന്‍പ് ഞാന്‍ ചെയ്ത ആംബുലന്‍സ് എന്ന ഹ്രസ്വ ചിത്രവും അങ്ങനെയുള്ളതാണ്. അതില്‍ കലാഭവന്‍ മണിയാണ് അഭിനയിച്ചത്. റേപ്പ് സീന്‍ ഉള്‍പ്പടെ അതില്‍ ഉണ്ടായിരുന്നു. പക്ഷെ ഒട്ടും വള്‍ഗാരിറ്റി ഇല്ലാതെയാണ് അതെല്ലാം അവതരിപ്പിച്ചത്.

ഒരു ചെറുകഥ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ചിന്തയില്‍ നിന്നാണ് വഴുതനങ്ങ എന്ന ഹ്രസ്വചിത്രം ഉണ്ടാകുന്നത്.. ആ കഥ എഴുതിയ ആള്‍ തന്നെയാണ് ഇതിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്..

ഞാന്‍ എല്ലാം പോസിറ്റീവ് ആയി മാത്രമേ എടുക്കുന്നുള്ളൂ. അതിപ്പോള്‍ നെഗറ്റീവ് കമന്റുകള്‍ ആണെങ്കില്‍ പോലും അങ്ങനെയേ കാണുന്നുള്ളൂ. എനിക്ക് കിട്ടിയ സബ്ജക്ട് ഞാന്‍ എന്റെ രീതിയില്‍ അവതരിപ്പിച്ചു. പിന്നെ ഒരു നൂറു പേരുണ്ടെങ്കില്‍ നൂറു പേര്‍ക്കും നൂറ് കാഴ്ച്ചപ്പാട് ആണ് ...

ഉദാഹരണത്തിന്, പത്തു പേര്‍ നില്‍ക്കുന്നിടത്ത് ഒരു മഴ പെയ്താല്‍ ആ പത്തു പേരും മഴയെ കാണുന്നത് പത്തു കാഴ്ച്ചകളായാണ്. അതിലൊരാള്‍ കര്‍ഷകനാണെങ്കില്‍ അയാള്‍ ചിന്തിക്കുന്നത് അയാളുടെ കൃഷിയെ കുറിച്ചാകും, ഓല മേഞ്ഞ വീട്ടില്‍ താമസിക്കുന്നയാള്‍ ചിന്തിക്കുന്നത് മഴ പെയ്താല്‍ വീട് ചോരുമല്ലോ എന്നായിരിക്കും. അതുപോലെ തന്നെ മാത്രമേ ഈ കമന്റുകളെയുംവിമര്‍ശനങ്ങളെയും കുറിച്ച് ഞാന്‍ ചിന്തിക്കുന്നുള്ളൂ...

പിന്നെ ടീസറിലും ചിത്രത്തിലും ലൈംഗിക ചുവയുള്ള രംഗങ്ങള്‍  ഉള്‍കൊള്ളിച്ചു എന്ന് പറയുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ സെക്സിന് വേണ്ടി ഒന്നും അതില്‍ ചെയ്തിട്ടില്ല.  അക്കാര്യം ഈ ഹ്രസ്വചിത്രം മുഴുവന്‍ കണ്ടാല്‍ നിങ്ങള്‍ക്ക് മനസിലാകും. നെഗറ്റീവ് രീതിയില്‍ ചിന്തിക്കാതെ, അതായത് ജയകുമാര്‍ ചേട്ടന്റെ കഥാപാത്രത്തിന്റെ കാഴ്ച്ചപ്പാടില്‍ ചിന്തിക്കാതെ രചനയുടെ കാഴ്ചപ്പാടില്‍ ചിന്തിച്ചാല്‍ അതില്‍ പോസിറ്റീവ് മാത്രമേ കാണാനാകൂ... 

പല സീനിലും കാണിക്കുന്ന രചനയുടെ മുഖഭാവങ്ങള്‍ അങ്ങനെ  വേണ്ടിയിരുന്നില്ല എന്ന് പലരും പറയുന്നുണ്ട്. അതിനെ ഞാന്‍ മുഴുവനായില്ലെങ്കിലും കുറച്ച് അംഗീകരിക്കുന്നുണ്ട്. പക്ഷെ അതൊന്നും നെഗറ്റീവ് അല്ലാതെ പോസിറ്റീവ് ആയി ചിന്തിക്കാനാണ് ഞാന്‍ പറയുന്നത്. എന്നെ വിളിച്ചവരോടെല്ലാം ഈ ഉത്തരമാണ് ഞാന്‍ പറഞ്ഞത്...

ഞാന്‍ രചനയെക്കാള്‍ വലിയൊരു ആര്‍ടിസ്റ്റിനെ ആണ് കേന്ദ്രകഥാപാത്രമായി അഭിനയിക്കാന്‍ അന്ന് നോക്കി കൊണ്ടിരുന്നത്. പക്ഷേ രചനയെ എനിക്ക് അന്നേ ഇഷ്ടമായിരുന്നു. ഇഷ്ടം എന്ന് വച്ചാല്‍, രചന ഇത് ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. മറിമായം എന്ന പരമ്പരയിലൂടെ രചനയുടെ കഴിവ് ഞാന്‍ കണ്ടറിഞ്ഞതാണ്. അവരുടെ കണ്ണുകളുടെ  എക്‌സ്‌പ്രെഷന്‍സ്, മുഖത്ത് പെട്ടെന്നുണ്ടാകുന്ന ഭാവപ്രകടനങ്ങള്‍ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു... ജയകുമാര്‍ ചേട്ടനേയും അതുകൊണ്ടാണ് തിരഞ്ഞെടുത്തത്.. രണ്ട് പേരും വന്നാല്‍ നന്നാകുമെന്ന് എനിക്കുറപ്പായിരുന്നു 

ഈ ചിത്രം ചെയ്യുന്നതില്‍ രചനയ്ക്ക് ഒരു ടെന്‍ഷനും ഇല്ലായിരുന്നു.. രചനയെ എനിക്ക് നേരിട്ട് പരിചയമില്ലായിരുന്നു. രചന നായികയായി ചെയ്ത മൂന്നാമിടം എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന്‍ ആന്റണി എന്റെ സുഹൃത്താണ് ആ ചിത്രം ഞാന്‍ കണ്ടിരുന്നു... അതെനിക്ക് ഇഷ്ടപ്പെട്ടു, അങ്ങനെയാണ് രചന കഥ ചോദിച്ചപ്പോള്‍ ഞാന്‍ അയച്ചു കൊടുക്കുന്നത്. അത് കഴിഞ്ഞു നമ്മള്‍ ഇത് ചെയ്യുന്നു എന്ന് പറഞ്ഞാണ് രചന എനിക്ക് മറുപടി നല്‍കിയത് 

ഇത് ഇറങ്ങി കഴിഞ്ഞിട്ടും രചന സന്തോഷവതിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്..ലാല്‍ സാര്‍ ഉള്‍പ്പടെ പലരും വിളിച്ചു അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Content Highlights : Vazhuthana Malayalam Short Film Starring Rachana Narayanankutty Jayakumar directed By Alex