വരുൺ തേജും ലാവണ്യ ത്രിപാഠിയും | ഫോട്ടോ: www.instagram.com/itsmelavanya/
സിനിമാ മേഖലയിൽ താരവിവാഹങ്ങൾ എന്നും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു നായകനും നായികയുമാണ് വരനും വധുവുമെങ്കിൽ പിന്നെ പറയുകയുംവേണ്ട. തെലുങ്ക് സിനിമാലോകത്ത് കഴിഞ്ഞദിവസം അങ്ങനെയൊരു വിവാഹനിശ്ചയം നടന്നു. തെലുങ്കിലെ ശ്രദ്ധേയനായ യുവനടൻ വരുൺ തേജും നടി ലാവണ്യ ത്രിപാഠിയുമാണ് വിവാഹിതരാവാൻ പോകുന്നത്.
ഹൈദരാബാദിൽ വരുൺ തേജിന്റെ വീട്ടിൽ വെച്ചായിരുന്നു മോതിരം മാറൽ ചടങ്ങ് നടന്നത്. വിവാഹിതരാകുന്ന വാർത്ത രണ്ടുപേരും ഔദ്യോഗികമായിത്തന്നെ സോഷ്യൽ മീഡിയ വഴി അറിയിച്ചു. വിവാഹനിശ്ചയത്തിനുശേഷമെടുത്ത ചിത്രങ്ങളും അവർ പോസ്റ്റ് ചെയ്തു. ഇരുവരും ഒരേ ചിത്രങ്ങൾ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. പ്രണയം കണ്ടെത്തിയിരിക്കുന്നു എന്നാണ് വരുൺ കുറിച്ചത്.
2016-ലാണ് തന്റെ എന്നെന്നേക്കുമായതിനെ കണ്ടെത്തിയതെന്ന് ലാവണ്യയും പോസ്റ്റ് ചെയ്തു. ആന്ധ്രയിലെ മെഗാ ഫാമിലി എന്നറിയപ്പെടുന്ന കൊനിഡേല കുടുംബാംഗമാണ് വരുൺ തേജ്. തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ സഹോദരൻ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുൺ. അല്ലു അർജുൻ, പിതാവ് അല്ലു അരവിന്ദ്, സായി ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങിയ കുടുംബാംഗങ്ങൾ വിവാഹനിശ്ചയത്തിൽ സാന്നിധ്യമറിയിച്ചു.
2017-മുതൽ രണ്ടുപേരും ഡേറ്റിങ്ങിലായിരുന്നു. ഇതേ വർഷമിറങ്ങിയ മിസ്റ്റർ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് വരുണും ലാവണ്യയും പരിചയപ്പെടുന്നത്. അന്തരീക്ഷം എന്ന ചിത്രത്തിലും ഇവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഈ വർഷം അവസാനം വിവാഹമുണ്ടാവുമെന്നാണ് റിപ്പോർട്ട്.
Content Highlights: varun tej and lavanya tripathi got engaged, varun tej marriage, lavanya tripathi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..