പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനത്തിന്റെ പുതിയ ടീസര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. പുതിയ ടീസറിനെതിരേ സമൂഹമാധ്യമങ്ങളില്‍ ചലര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. വീഡിയോ ഇപ്പോള്‍ പ്രൈവറ്റ് മോഡിലാണ്. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ടീസര്‍ ലഭ്യമാണ്. 

സിദ്ദീഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രത്തിലെ പുതിയ ടീസര്‍ പുറത്തിറക്കിയത്. 

'ഇവിടെ നൂറ്കണക്കിനാളുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിമരിച്ചപ്പോള്‍ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയതാണോ നിന്റെയൊക്കം രാജ്യസ്നേഹം'- എന്ന ടീസറിലെ ഡയലോഗ് ചര്‍ച്ചയായിരുന്നു. 

മുഹമ്മദ് അബ്ദുള്‍ റഹ്മാനെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫൈസ സൂഫിയ എന്ന വിദ്യാര്‍ഥിനിയുടെ കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലബാറില്‍ നിന്നും ഡല്‍ഹിയിലെ പ്രമുഖ യൂണിവേഴ്സിറ്റിയില്‍ ഗവേഷണത്തിനായി എത്തുന്ന ഫൈസ സൂഫിയയുടെ അതിജീവനമാണ് ചിത്രത്തിന്റെ പ്രമേയം.

സെൻസർ ബോർഡിൽ നിന്നുൾപ്പെടെ എതിർപ്പ് നേരിടേണ്ടിവന്ന ചിത്രമാണ് വർത്തമാനം. ഒരു സെൻസർ ബോർഡ് അംഗത്തിന്റെ പരസ്യപ്രതികരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ ചർച്ചയായിരുന്നു. 

Content Highlights: Varthamanam Official Teaser 2 Removed from youtube Sidhartha Siva Parvathy Thiruvothu Roshan Mathew Siddhiq