വംശി പൈഡിപ്പള്ളി | ഫോട്ടോ: സ്ക്രീൻഗ്രാബ്
വാരിസ് എന്ന ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ വംശി പൈഡിപ്പള്ളി. നിരൂപകരെ തൃപ്തിപ്പെടുത്താനല്ല സാധാരണപ്രേക്ഷകർക്കുവേണ്ടിയാണ് താൻ സിനിമ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫസ്റ്റ്ലുക്ക് പോസ്റ്റർ കണ്ട് വിലയിരുത്താതെ സിനിമ തിയേറ്ററിലെത്തി ആളുകൾ കാണട്ടെയെന്നും സീരിയലുകളെ എന്തിനാണ് ഡീഗ്രേഡ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. സിനിമാ വികടനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തിനാണ് സീരിയലുകളെ ഡീഗ്രേഡിങ് ചെയ്യുന്നതെന്ന് വംശി ചോദിച്ചു. എത്രയോ ആളുകളാണ് വൈകുന്നേരം അത് ആസ്വദിച്ച് കാണുന്നതെന്ന് അറിയാമോ? നിങ്ങളുടെ അമ്മയും അമ്മൂമ്മയുമൊക്കെ ഇത് കാണുന്നുണ്ടാകും. വീട്ടിൽ പോയി നോക്കൂ. സീരിയലുകൾ കാരണം അവരുടെ ജീവിതം മനോഹരമായി മുന്നോട്ടുപോകുന്നു. എന്തിനാണ് അതിനെ ഡീഗ്രേഡ് ചെയ്യുന്നത്. ഒന്നിനേയും താഴ്ത്തിക്കെട്ടരുത്. അതും ഒരു ക്രിയേറ്റീവ് ജോലിയാണ്. മറ്റൊരാളെ ഇകഴ്ത്താൻ നോക്കുമ്പോൾ നിങ്ങൾ തന്നെ സ്വയം ഇകഴ്ത്തപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
"നിരൂപകരോടുള്ള ആദരം നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, അവരെ തൃപ്തിപ്പെടുത്താനല്ല ഞാൻ സിനിമ ചെയ്യുന്നത്. ഞാൻ ചെയ്യുന്നത് സാധാരണ പ്രേക്ഷകർക്കുവേണ്ടിയുള്ള കമേഴ്സ്യൽ സിനിമകളാണ്. നിരൂപകർ സിനിമ കണ്ട് അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മോശമാണെന്ന് എഴുതുന്നു. അത് അവരുടെ മാത്രം അഭിപ്രായമാണ്. ഞാൻ കണ്ട തിയറ്ററിലെല്ലാം ചിത്രം കണ്ടശേഷം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. ഇതാണ് എന്റെ ഓഡിയൻസ്. ഈ റിവ്യൂവിലാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ റിവ്യൂ വായിക്കാറുമില്ല, അതിനെക്കുറിച്ച് അറിയാനും ശ്രമിക്കാറില്ല." ഇതാണ് നിരൂപകരോട് അദ്ദേഹത്തിന് പറയാനുള്ളത്.
"ഇന്ന് ഒരു വലിയ ഹീറോ നായകനാകുന്ന, അല്ലെങ്കിൽ വലിയ കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറങ്ങുന്ന സമയം മുതൽ പല കഥകളാകും പ്രചരിക്കുക. ആദ്യം അതൊന്ന് തിയറ്ററുകളിലെത്തി ആളുകൾ കാണട്ടെ. അതിനുള്ള സമയം കൊടുക്കൂ. ഒരു സിനിമയെടുക്കാനുള്ള ബുദ്ധിമുട്ട് എന്താണെന്ന് അറിയാമോ? പ്രേക്ഷകരെ രസിപ്പിക്കാനായി എത്രപേരാണ് സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നതെന്ന് അറിയാമോ? ഇതൊരു തമാശയല്ല. ഒരു സംവിധായകൻ സിനിമയ്ക്കുവേണ്ടി എത്ര ത്യാഗം ചെയ്യുന്നുണ്ടെന്ന് അറിയാമോ? ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ വിജയ് സർ ഒരു സിനിമയ്ക്കു വേണ്ടി എത്ര കഷ്ടപ്പെടുന്നുണ്ടെന്ന് അറിയാമോ? അദ്ദേഹം ഇപ്പോഴും ഓരോ പാട്ടിനു മുമ്പും റിഹേഴ്സൽ നടത്തും. ഡയലോഗുകൾ പറയുമ്പോൾ പോലും പ്രാക്ടീസ് ചെയ്ത ശേഷമെ ക്യാമറയ്ക്കു മുന്നിലെത്തൂ."
വിന്റേജ് വിജയ് യുടേയും ദളപതി വിജയ് യുടേയും ഒത്തിണക്കമാണ് വാരിസ്. ഒരുപാട് ആരാധകരുള്ള താരമാണ് വിജയ് സർ. ഒരിക്കലും ഒരിടത്തും താഴോട്ടുപോകാതെ ഒരേ രീതിയിൽ അദ്ദേഹത്തെ കൊണ്ടുപോകണമായിരുന്നു. ഗ്രാഫിക്സ് എന്നാൽ നല്ലതുപോലെ ചെയ്യേണ്ടതാണല്ലോ. അത് പ്രതീക്ഷിച്ചപോലെ വരാത്തതിൽ ഞങ്ങളെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടത്. വിജയ് സാറിന്റെ ഇൻട്രോ ഗാനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രം ഒരുപാട് സ്ഥലങ്ങളിൽ കൂടി പോകുന്നുണ്ട്. അതൊരു ട്രാവലിങ് സോങ് ആയിരുന്നു. പക്ഷേ നമുക്ക് ആ സ്ഥലങ്ങളിലെല്ലാം പോയി ഷൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഗ്രാഫിക്സ് അവിടെ ഉപയോഗിച്ചത്. ഗ്രാഫിക്സ് നന്നായി ചെയ്യാൻ സമയം വേണ്ടത്ര കിട്ടിയില്ല. എങ്കിലും ആളുകൾ അത് തിയേറ്ററിൽ ആസ്വദിക്കുന്നുണ്ടായിരുന്നുവെന്നും വംശി കൂട്ടിച്ചേർത്തു.
Content Highlights: varisu director replying to criticisms, vamshi paidipally interview, vijay and rashmika mandanna
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..