സുരേഷ് ഗോപി, ദുല്‍ഖര്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ഒരു ബിഹൈന്‍ഡ് ദ സീന്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍.  ശോഭന അഭിനയിക്കുന്ന രംഗത്തിന്‍റെ ചിത്രീകരണ വീഡിയോ ആണ് അനൂപ് സത്യന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ശോഭനയുടെ കഥാപാത്രത്തിന് തന്‍റെ ചെറുപ്പത്തിലെ ഒരു ഫോട്ടോ അപ്രതീക്ഷിതമായി കിട്ടുന്ന രംഗമാണിത്. ഫോട്ടോ കയ്യില്‍ പിടിച്ച് തൊട്ടടുിത്തുള്ള കണ്ണാടിയിലേക്ക് നോക്കാന്‍ സംവിധായകന്‍ നിര്‍ദേശിക്കുന്നുണ്ട്. ഒപ്പം 'പണ്ടത്തെ ശോഭനയായിരുന്നു ശോഭന' എന്ന് സംവിധായകന്‍റെ തമാശ രൂപേണയുള്ള കമന്‍റും ഇതിന് ശോഭനയും അണിയറപ്രവര്‍ത്തകരും
പൊട്ടിച്ചിരിക്കുന്നതും കേള്‍ക്കാം.

മലയാളി പ്രേക്ഷകര്‍ ഏറെ സ്‌നേഹിച്ച താരജോഡികളായ സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് ചിത്രം  പുറത്തിറങ്ങിയത്. ഇരുവരുടെയും കോമ്പോയ്‌ക്കൊപ്പം ദുല്‍ഖര്‍-കല്യാണി താരജോഡികളെയും ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. 

അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, സന്ദീപ് രാജ്, വഫാ ഖദീജ, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Content Highlights : Varane Avashyamund Behind The Scene Shobana Anoop Sathyan Kalyani Suresh Gopi Dulquer